പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. 13 ദിവസം അമ്മയ്ക്കായി കാത്തിരിപ്പിലായിരുന്നു കൃഷ്ണ.
ഈ മാസം 15-നാണ് പാലൂരിലെ സ്വകാര്യ തോട്ടത്തിൽ ഒരു വയസ്സുള്ള കുട്ടിക്കൊമ്പനെ അവശനിലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത്. പുതൂർ വനംവകുപ്പിന്റെ ദ്രുതപ്രതികരണസംഘമെത്തി കാട്ടാനക്കുട്ടിയെ ഉച്ചയോടെ അമ്മയാനയോടൊപ്പം ചേർത്തതിനുശേഷം തിരിച്ചിറങ്ങി. വൈകുന്നേരത്തോടെ കാട്ടാനക്കുട്ടി വീണ്ടും പാലൂരിലെ അയ്യപ്പന്റെ വീട്ടിലെത്തി. വനംവകുപ്പെത്തി കാട്ടിലേക്ക് മാറ്റിയെങ്കിലും അമ്മയാന കൂടെ കൂട്ടാതെ വന്നതോടെ കുട്ടിക്കൊമ്പൻ ഒറ്റപ്പെട്ടു.
ജൂൺ 16-ന് ദൊഡ്ഡുക്കട്ടിയിലെ കൃഷ്ണവനത്തിൽ താത്കാലിക കൂടൊരുക്കി അമ്മയാനയ്ക്കായി വനംവകുപ്പ് കാത്തിരുന്നു. അമ്മയാന കൂടിനു സമീപമെത്തിയെങ്കിലും അന്നും കുട്ടിയാനയെ കൂടെ കൂട്ടിയില്ല. അടുത്ത ദിവസം ബൊമ്മിയാംപടിയിലെ ക്യാമ്പ് ഷെഡ്ഡിന് സമീപം താത്കാലിക കൂടൊരുക്കി കുട്ടിക്കൊമ്പനെ ഈ കൂട്ടിലേക്ക് മാറ്റി. ലാക്ടോജൻ അടങ്ങിയ ഭക്ഷണവും കരിക്കിൻ വെള്ളവും തണ്ണിമത്തനും നൽകി. ക്ഷീണം മാറിയ കുട്ടിക്കൊമ്പൻ ഓടിക്കളിച്ചിരുന്നെങ്കിലും, കഴിഞ്ഞ രണ്ട് ദിവസമായി ക്ഷീണിതനായി. വെറ്ററിനറി ഡോക്ടർ പ്രത്യേക പരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments