
തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരുക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. കൊമ്പന് അണുബാധയേറ്റിരുന്നുവെന്നാണ് പ്രാഥമിക റിപോർട്ട്. ആനയുടെ മസ്തകത്തിന് അണുബാധയേറ്റിട്ടുണ്ട്. തുമ്പിക്കൈയില്‍ പുഴുവരിച്ചിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നാൽ മരണ കാരണം ഹൃദയാഘാതം മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ആനയുടെ ശരീരത്തില്‍ ലോഹ ഘടകങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ മണ്ണുത്തിയില്‍ നിന്ന് എത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരുക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്.
ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തുണ്ടായ മുറിവ് പിന്നീട് അണുബാധക്ക് കാരണമായി. മുറിവിന് 65 സെന്റീമീറ്റര്‍ ചുറ്റളവും 15 സെന്റീമീറ്റര്‍ വ്യാസവും ഒന്നരയടിയോളം ആഴവുമുണ്ടായിരുന്നു. ബുധനാഴ്ച ആനയെ മയക്കുവെടി വെച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ആന ചരിഞ്ഞത്.
തുമ്പിക്കൈയിലേക്കും അണുബാധ പകര്‍ന്നതായി ഇന്നലെ കണ്ടെത്തിയിരുന്നു. ചെളി വാരി എറിയാതിരിക്കാന്‍ കൂടിനകത്ത് സ്ഥലപരിമിതി ഉണ്ടാക്കിയിരുന്നു. മസ്തകത്തിലെ പരുക്കില്‍ ഡോക്ടര്‍മാര്‍ വീണ്ടും മരുന്നുവെച്ചിരുന്നു. ഡോക്ടര്‍മാര്‍ ചികിത്സിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
Post Your Comments