തിരുവനന്തപുരം: യുവതിയുടെ കഴുത്തിൽ നിന്ന് അഞ്ചു പവന്റെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. വിഴിഞ്ഞം തെന്നൂർകോണം ഞാറവിളയിൽ യുവതിയുടെ കഴുത്തിൽ നിന്ന് അഞ്ചു പവന്റെ സ്വർണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെയാണ് 24 മണിക്കൂറിനുള്ളിൽ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം കരയടിവിള പിറവിലാകം വീട്ടിൽ കൊഞ്ചൽ എന്ന് വിളിക്കുന്ന ജിതിൻ (24), വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടിൽ ഇമ്മാനുവേൽ (26), വിഴിഞ്ഞം കടയ്ക്കുളം കുരുവിതോട്ടം വീട്ടിൽ ഫെലിക്സൺ (25) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് വർക്കലയിലെ റിസോർട്ടിൽ നിന്ന് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാഖി എന്ന യുവതിയുടെ മാലയാണ് വീടിനു സമീപം വെച്ച് പ്രതികൾ പൊട്ടിച്ചുകടന്നത്. പിടിവലിക്കിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. സ്‌കൂളിൽ നിന്ന് മകനെ വിളിക്കാൻ വീടിന് സമീപത്തെ ഇടവഴിയിലൂടെ യുവതി നടക്കവേ പിറകിലൂടെ നടന്നെത്തിയാണ് മാല പൊട്ടിച്ചത്.
പരാതി ലഭിച്ചതോടെ സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ ഈ യുവതിയെ അറിയാവുന്ന വ്യക്തികളുടെ ലിസ്റ്റ് എടുത്തു. ഇതിൽ ക്രിമിനൽ പശ്ചാത്തലമുള്ള ജിതിൻ ഉൾപ്പെട്ടതോടെ സംശയമായി. പ്രതിയുടെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു മറുപടി. സ്റ്റേഷനിൽ എത്താൻ നിർദ്ദേശം നൽകിയെങ്കിലും ഇയാൾ എത്തിയില്ല. പിന്നീട് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ സംശയം കൂടി. പ്രതിയുടെ വീടും പരിസരവും അന്വേഷിച്ചപ്പോൾ ഉച്ചവരെ സ്ഥലത്തുണ്ടായിരുന്നതായി വിവരം കിട്ടി. പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷിച്ചപ്പോൾ പ്രതിയും മറ്റ് രണ്ടുപേരുമായി ഹരിപ്പാട് എത്തിയതായി വിവരം ലഭിച്ചു. തുടരന്വേഷണത്തിൽ ഇവർ വർക്കലയിലുള്ളതായി കണ്ടെത്തിയ വിഴിഞ്ഞം പോലീസ് ഇവിടെയെത്തി റിസോർട്ടിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also: ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കില്ല: ഐഎംഎ
Post Your Comments