ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ വ്യാപക നഷ്ടം. മേഘവിസ്ഫോടനത്തെ തുടർന്നാണ് പ്രതീക്ഷിത പ്രളയം ഉണ്ടായത്. നിലവിൽ, രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും, ഉരുൾപൊട്ടലും രൂക്ഷമായിട്ടുണ്ട്. ഇതിനെ തുടർന്ന് വീടുകളും കന്നുകാലികളും ഒലിച്ചുപോയി. അതേസമയം, സമീപപ്രദേശമായ ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി-ജയ്പൂർ ദേശീയപാതയിലെ ചില മേഖലകൾ ഇന്നലെ മണിക്കൂറുകളോളം വെള്ളത്തിനടിയിലായിരുന്നു.
ഇത്തവണ ഡൽഹിയിലും മുംബൈയിലും ഒരുമിച്ചാണ് കാലവർഷം എത്തിയിരിക്കുന്നത്. ഡൽഹിയിൽ ജൂലൈ 1 വരെ കനത്ത മഴയും ഇടിമിന്നലും ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായത് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറൻ കാലവർഷം മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും സജീവമായിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേദാർനാഥിലേക്കുള്ള തീർത്ഥാടന യാത്ര നിർത്തിവെച്ചു.
Post Your Comments