
കൊച്ചി: ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയവരാണ് മേരി, ബേബി എന്നീ നടിമാർ. ജൂനിയർ ആർട്ടിസ്റ്റുകളായിരുന്നവർ ഒറ്റ സീനിലൂടെ താരങ്ങളായി മാറിയെങ്കിലും പിന്നീട് രണ്ട് പേർക്കും നേരിടേണ്ടി വന്നത് അപ്രതീക്ഷിതമായ തിരിച്ചടികളാണ്.
സിനിമകൾ ലഭിക്കാത്തതിനെ തുടർന്ന് വരുമാനമാർഗത്തിനായി മേരി ലോട്ടറി വിൽപ്പനയിലേക്ക് കടന്നത് വാർത്തയായിരുന്നു. ഇപ്പോഴിതാ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയ്ക്ക് ശേഷം തങ്ങൾക്ക് സംഭവിച്ചതെന്താണെന്ന് പറയുകയാണ് മേരിയും ബേബിയും. ആദ്യമായി ലോട്ടറി വിൽപ്പനയ്ക്ക് പോകുമ്പോൾ സങ്കടം ഉണ്ടായിരുന്നെന്ന് മേരി പറയുന്നു.
‘ടിക്കറ്റുമായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ആരും ചോദിക്കരുതേ എന്ന് വിചാരിച്ചാണ് നടന്നത്. ഞാൻ ഇറങ്ങുമ്പോൾ എന്റെ മരുമകൾ നിലവിളിക്കുന്നു. എനിക്ക് സങ്കടം വരുന്നു അമ്മച്ചീ എന്ന് പറഞ്ഞു. അകത്ത് മകനും കരയുകയാണ്. പോകാതിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു. ഒരുപാട് കടങ്ങൾ ഉണ്ട്’, മേരി പറയുന്നു.
‘ജൂനിയർ ആർട്ടിസ്റ്റായിട്ട് അഭിനയിച്ചപ്പോൾ ആദ്യ കാലങ്ങളിൽ 200 രൂപയാണ് ശമ്പളം ലഭിച്ചത്. ഏഴ് വർഷം ജൂനിയർ ആർട്ടിസ്റ്റായിരുന്നു. അവസാനമായി വർക്ക് ചെയ്തപ്പോൾ കിട്ടിയത് 500 രൂപയാണ്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ ആരും വിളിക്കാറില്ല. ആ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് എല്ലാ ദിവസവും സിനിമ ഉണ്ടായിരുന്നു,’ ബേബി പറഞ്ഞു.
‘ആക്ഷൻ ഹീറോ ബിജുവിന് ശേഷം പിന്നെ ജൂനിയർ ആർട്ടിസ്റ്റായിട്ട് പോയിട്ടില്ല. അവർ ഇങ്ങോട്ട് വിളിച്ച് പറയുകയായിരുന്നു ഇനി വിളിക്കില്ലെന്ന്. കാരണം, ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ചെയ്തത്. ശരിക്കും ആ റോൾ ചെയ്തത് ഒരു ദോഷമായിട്ടാണ് മാറിയിരിക്കുന്നത്. അതിൽ നല്ല വേഷം ചെയ്തത് കൊണ്ട് ഇപ്പോൾ ആരും ജൂനിയർ ആർട്ടിസ്റ്റായി വിളിക്കാറില്ല,’ ബേബി പറഞ്ഞു.
Post Your Comments