തൃശൂര്‍: ഒല്ലൂരിലെ കടയില്‍ അനധിക്യതമായി സൂക്ഷിച്ച 90 കിലോ മാംസം കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. യുണീക്ക് സീഫുഡ് മാര്‍ട്ട് എന്ന മൊത്തക്കച്ചവട സ്ഥാപനത്തില്‍നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആട്ടിറച്ചിയും ബീഫും കോഴിയിറച്ചിയും കണ്ടെടുത്തത്. മധുരയില്‍ നിന്ന് ശീതികരണ സംവിധാനമില്ലാതെ ട്രെയിന്‍ മാര്‍ഗം എത്തിച്ചതാണ് ഇറച്ചി. തൃശൂരിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ഹോട്ടലുകളിലേക്ക് വിതരണത്തിന് കൊണ്ടുവന്നതാണെന്നാണ് കടയുടമയുടെ മൊഴി. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ കട അടച്ച് സീല്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ട്രെയിനില്‍ എത്തിക്കുന്ന മാംസം മൊത്തവിതരണം നടത്തുകയാണ് ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പിടിച്ചെടുത്ത മാംസത്തില്‍ പലയിനം മാംസങ്ങള്‍ കൂട്ടിക്കലര്‍ത്തിയിരുന്നതായും കണ്ടെത്തി. കടയുടെ മുന്നിലെ ഷട്ടര്‍ തുറക്കുകയോ പൊതുജനങ്ങള്‍ക്ക് വില്‍പന നടത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ നിരന്തരം വാഹനങ്ങളില്‍ മാംസം കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥാപനത്തെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ വൈകിയാണെത്തിയത്. ഇതിനിടയില്‍ കൂടുതല്‍ മാംസം കടയില്‍നിന്നും മാറ്റിയിരിക്കാനിടയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Post Your Comments