കൊച്ചി: കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ സഹായം ചെയ്തത് മുൻ എസ്എഫ്ഐ നേതാവാണെന്ന ന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് കൊച്ചിയിലാണെന്ന വിവരങ്ങളും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിഖിലിന്റെ സുഹൃത്താണ് ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നൽകിയത്. വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ സഹായിച്ച മുൻ എസ്എഫ്ഐ നേതാവ് ഇപ്പോൾ വിദേശത്തെന്നാണ് മൊഴി.
എന്നാൽ, നിഖിലിനെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്. അതിനിടെ, നിഖിൽ പഠിച്ച ബാച്ച് ഓർമ ഇല്ലെന്നാണ് കോളേജിന്റെ ആഭ്യന്തരസമിതിയിലെ കോമേഴ്സ് മേധാവി നൽകിയ വിശദീകരണം. പ്രവേശനത്തിന് എത്തിയപ്പോൾ നിഖിൽ പഠിച്ച ബാച്ച് ഓർമ്മ വന്നില്ലെന്നാണ് കൊമേഴ്സ് തലവനായ സോണി പി.ജോയി ആഭ്യന്തരസമിതിയോട് വിശദീകരിച്ചത്. സെനറ്റിലെ ഇടതുപക്ഷ അംഗമാണ് സോണി. കോളേജിൻറെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിഖിലിൻറെ പ്രവേശനമെന്നുമാണ് ആഭ്യന്തര സമിതിയുടെ റിപ്പോർട്ട്.
എന്നാൽ വ്യാജ ഡിഗ്രിക്കേസിൽ കൊമേഴ്സ് വിഭാഗം തലവൻറേത് വിചിത്രവാദമെന്ന് എംഎസ്എം കോളേജ് യൂണിയൻ ചെയർമാർ ഇർഫാൻ പറഞ്ഞു. അതേസമയം, നിഖിൽ തോമസിന്റെ പ്രവേശനം സംബന്ധിച്ച എംഎസ്എം കോളേജിന്റെ വിശദീകരണത്തിൽ കേരള സർവ്വകലാശാലക്ക് അതൃപ്തിയുണ്ട്. വീണ്ടും വിശദീകരണം ചോദിക്കാനാണ് സർവ്വകലാശാലയുടെ തീരുമാനം. വീഴ്ച്ച സമ്മതിക്കാതെയായിരുന്നു വിഷയത്തിലെ കോളേജിന്റെ വിശദീകരണം. നിഖിൽ തോമസിനെ കണ്ടത്താൻ പൊലീസ് വ്യാപക പരിശോധന തുടരുകയാണ്.
പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ കാണാൻ തിരുവനന്തപുരത്തേക്ക് ഒപ്പം പോയ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഉൾപ്പെടയുള്ള നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷൻ കാണിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
Post Your Comments