കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് നിയമനടപടികൾ നേരിട്ട ശബരിമലയിലെ അരവണയുടെ പരിശോധന നടപടികൾ വീണ്ടും ആരംഭിച്ചു. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇവ വീണ്ടും ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ശബരിമലയിൽ പ്രത്യേകം സൂക്ഷിച്ചിട്ടുള്ള 32 ടിൻ അരവണ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവനന്തപുരത്തെ ലബോറട്ടറിയിൽ എത്തിച്ചിട്ടുണ്ട്. മാളികപ്പുറത്തെ ഗോഡൗണിലാണ് ലക്ഷക്കണക്കിന് ടിൻ അരവണ സൂക്ഷിച്ചിരിക്കുന്നത്.
അരവണയിലെ ഏലക്കായയിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം, അരവണ വിൽപ്പന തടയുകയായിരുന്നു. ഇത്തരത്തിൽ 6.65 ലക്ഷം ടിൻ അരവണയാണ് വിപണനം നടത്താൻ കഴിയാതെ വന്നത്. തുടർന്ന് വീണ്ടും ഗുണനിലവാര പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഈ ആവശ്യം അംഗീകരിച്ചതോടെയാണ് അരവണ വീണ്ടും പരിശോധനയ്ക്ക് അയക്കാൻ ഉത്തരവിട്ടത്.
Also Read: കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ഇനി ആറര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാം! അതിവേഗ പാത ഉടൻ
പത്തനംതിട്ട ജില്ലയിൽ സാംപിൾ പരിശോധിക്കാൻ വേണ്ടത്ര സൗകര്യം ഇല്ലാത്തതിനെ തുടർന്നാണ് ഇവ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതാണ്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ മണ്ഡല കാലത്തിന്റെ തുടക്കത്തിലാണ് ശബരിമലയിൽ വിൽപ്പന നടത്തുന്ന അരവണക്കൂട്ടിൽ ഉപയോഗിക്കുന്ന ഏലക്കായയിൽ കീടനാശിനിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്.
Post Your Comments