KeralaLatest News

‘കലിംഗയില്‍ പോയി പരിശോധിക്കാനായില്ല, നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കയ്യിൽ പെട്ടോ എന്ന് പരിശോധിക്കും’: ആർഷോ

തിരുവനന്തപുരം: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന ആലപ്പുഴയിലെ SFI നേതാവ് നിഖില്‍ തോമസിന് എതിരായി കേരള സര്‍വകലാശാല വിസിയുടെയും കലിംഗ സര്‍വകലാശാലയുടെയും വെളിപ്പെടുത്തല്‍ വന്നതോടെ മലക്കം മറിഞ്ഞ് എസ്എഫ്‌ഐ. കയ്യില്‍ കിട്ടിയ രേഖകള്‍ പരിശോധിച്ചാണ് നിഖിലിന്റേത് വ്യാജസര്‍ട്ടിഫിക്കറ്റല്ല എന്നു പറഞ്ഞതെന്നും, നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ കയ്യില്‍പെട്ടോ എന്നു വിശദമായ അന്വേഷണം വേണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ.

കലിംഗ സര്‍വകലാശാലയില്‍ പോയി പരിശോധിക്കാന്‍ കഴിയില്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ ഡിജിപിക്കു പരാതി നല്‍കുമെന്നും ആര്‍ഷോ വ്യക്തമാക്കി. എസ്എഫ്ഐ നേതാവ് നിഖില്‍ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി കലിംഗ സര്‍വകലാശാല അധികൃതര്‍ രംഗത്തെത്തിയതോടെ എസ്എഫ്‌ഐയ്ക്ക് നിലപാട് മാറ്റേണ്ടിവന്നു. നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു.

മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നുവെന്നും സന്ദീപ് ഗാന്ധി വ്യക്തമാക്കി.സര്‍വകലാശാല രേഖകളില്‍ ഇങ്ങനെയൊരു പേരില്ല.വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിഖിലിനെതിരെ നിയമ നടപടിയെടുക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ പറഞ്ഞു. അതേസമയം, വ്യാജ സട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്ഐ വാദങ്ങള്‍ തള്ളി കേരള സര്‍വകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തിയിരുന്നു.

നിഖില്‍ തോമസിന്റെ ബിരുദം സംബന്ധിച്ച രേഖകളൊന്നും വ്യാജമല്ലെന്നാണ് ആര്‍ഷോ നേരത്തെ പറഞ്ഞത്. കായംകുളം എംഎസ്എം കോളജിലെ ബിരുദം റദ്ദാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ്, കലിംഗ സര്‍വകലാശാലയിലെ മാര്‍ക്ക് ലിസ്റ്റുകള്‍, ബിരുദ സര്‍ട്ടിഫിക്കറ്റ് എന്നിവ എസ്എഫ്‌ഐ പരിശോധിച്ചെന്നും ഇതൊന്നും വ്യാജമല്ലെന്നും ആര്‍ഷോ പറഞ്ഞിരുന്നു.

2018ല്‍ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണു നിഖില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹിയായത്. കോളജില്‍നിന്നു തിരഞ്ഞെടുക്കപ്പെടുമ്പോള്‍ നിഖില്‍ അവിടുത്തെ വിദ്യാര്‍ഥിയായിരുന്നു. അതിനുശേഷമാണു കോഴ്‌സ് കാന്‍സല്‍ ചെയ്തത്. മറ്റെല്ലാ രേഖകളും യഥാര്‍ഥമാണെന്നും, വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണമുന്നയിച്ച വര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ആര്‍ഷോ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button