ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കുറ്റക്കാരനല്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. നിഖിൽ കലിംഗ സർവകലാശാലയിൽ പഠിച്ച് പാസായ ശേഷമാണ് കായംകുളം എംഎസ്എം കോളജിൽ എംകോമിന് ചേർന്നതെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടെന്ന് ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.
നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ തങ്ങൾ പരിശോധിച്ച് ഒറിജിനലാണെന്ന് ബോധ്യപ്പെട്ടെന്നും ആർഷോ വ്യക്തമാക്കി. നിഖിൽ തോമസ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേരിട്ട് കണ്ടാണ് തന്റെ കൈവശമുള്ള ബികോം സർട്ടിഫിക്കറ്റ് കാണിച്ചത്. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്.
അതിനിടെ നിഖിൽ തോമസിൻറെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജ് പ്രിന‍്സിപ്പലിൻറെ മൊഴി പൊലീസ് രേഖപ്പെടുത്തും. കെഎസ്‌യു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസിൽ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുന്നത്.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് ചേർന്നുവെന്ന ആരോപണങ്ങളെ തുടർന്ന് നിഖിൽ തോമസിനെ എസ് എഫ് ഐയുടെ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം തന്നെയാണ് നിഖിലിനെതിരെ പരാതിയുമായി പാർട്ടിയെ സമീപിച്ചതെന്നാണ് പുറത്തുവന്ന റിപ്പോർട്ട്.
നിഖിൽ തോമസ് ഇപ്പോൾ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വർഷ എം കോം വിദ്യാർഥിയാണ്. ഇതേ കോളേജിൽ തന്നെയാണ് 2017-20 കാലഘട്ടത്തിൽ ബികോം ചെയ്തത്. പക്ഷേ നിഖിൽ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വർഷത്തെ ഇടവേളക്ക് ശേഷം നിഖിൽ ഇവിടെ തന്നെ എം കോമിന് ചേർന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റായിരുന്നു.
Post Your Comments