രാജ്യത്തെ പ്രമുഖ ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫോർമേഷൻ പ്ലാറ്റ്ഫോമായ ‘ട്രെയിൻമാൻ’ ഇനി അദാനി ഗ്രൂപ്പിന്റെ കരങ്ങളിൽ എത്തിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, അദാനി എന്റർപ്രൈസസ് ലിമിറ്റഡാണ് ട്രെയിൻമാൻ എന്നറിയപ്പെടുന്ന സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കുക. 100 ശതമാനം ഓഹരികളും മ്പൻ തുകയ്ക്ക് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി ഡിജിറ്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഐഐടി റൂർക്കി ബിരുദധാരികളായ വിനീത് ചിരാനിയയും, കരൺ കുമാറും ചേർന്ന് സ്ഥാപിച്ച ടിക്കറ്റ് ബുക്കിംഗ് സ്റ്റാർട്ടപ്പാണ് സ്റ്റാർക്ക് എന്റർപ്രൈസസ് ലിമിറ്റഡ് അഥവാ ട്രെയിൻമാൻ. അടുത്തിടെ ഒട്ടനവധി യുഎസ് നിക്ഷേപകരിൽ നിന്ന് കമ്പനി 10 ലക്ഷം ഡോളർ സമാഹരിച്ചിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് മൂല്യമിടിവ് നേരിട്ട അദാനി ഗ്രൂപ്പിന്റെ തിരിച്ചുവരവാണ് പുതിയ ഏറ്റെടുക്കലിലൂടെ കാണാൻ സാധിക്കുന്നത്. നിക്ഷേപകരുടെ വിശ്വാസ്യത നേടിയെടുക്കാൻ ഇതിനോടകം തന്നെ അദാനി ഗ്രൂപ്പ് വായ്പകൾ മുൻകൂറായി തിരിച്ചടച്ചിട്ടുണ്ട്.
Post Your Comments