സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സ്റ്റാർട്ടപ്പുകളിൽ നിന്ന് പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ സിഐഇഎൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ എഴുപതോളം സ്റ്റാർട്ടപ്പുകൾ 17,000-ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്റ്റാർട്ടപ്പുകൾ നിക്ഷേപ ഞെരുക്കത്തിലാണ്. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചു കുലുക്കിയ പണപ്പെരുപ്പം, പലിശ നിരക്ക് വർദ്ധനവ്, ബാങ്കിംഗ് തകർച്ച തുടങ്ങിയവ ഉണ്ടായതിനെ തുടർന്നാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപവും താരതമ്യേന കുറഞ്ഞത്. 2022 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 1,830 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നേടിയത്. എന്നാൽ, ഈ വർഷം പകുതിയിൽ 380 കോടി ഡോളർ മാത്രമാണ് നിക്ഷേപമായി എത്തിയത്.
ഇ-കോമേഴ്സ്, ഫിൻടെക്, എഡ്ടെക്, ലോജിസ്റ്റിക്സ്, ഹെൽത്ത് ടെക് തുടങ്ങിയ മേഖലകളിലാണ് കൂടുതൽ പിരിച്ചുവിടൽ നടന്നിട്ടുള്ളത്. ബൈജൂസ്, മീഷോ, അൺഅക്കാദമി, സ്വിഗ്ഗി, ഷെയർചാറ്റ് തുടങ്ങിയ കമ്പനികൾ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇതിൽ ബൈജൂസ് ആയിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
Post Your Comments