തിരുവനന്തപുരം: അഴിമതി കേസുകളിൽ കോൺഗ്രസുമായി സിപിഎമ്മിന് ധാരണയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിദേശ പണപ്പിരിവിന്റെ എല്ലാ തെളിവുകളും സർക്കാരിന്റെ പക്കലുണ്ടായിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കെ സുധാകരന്റെ കേസിലും മെല്ലെപ്പോക്കാണ് നടക്കുന്നത്. സർക്കാരും പ്രതിപക്ഷവുമായുള്ള അഡ്ജസ്റ്റ്‌മെന്റ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിയമവാഴ്ചയെ തച്ച് തകർക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെയും രണ്ട് മുന്നണികളും ഒരുമിച്ചാണ് നിൽക്കുന്നത്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെ ബിജെപി വിപുലമായ പ്രചാരണം നടത്തും. 25 ന് ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തിരുവനന്തപുരത്ത് വരും. കേന്ദ്ര സർക്കാറിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിലും സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെട്ട വ്യാജരേഖ കേസും പരീക്ഷ തട്ടിപ്പും സിപിഎമ്മിന്റെ സമ്മർദ്ദപ്രകാരം സർക്കാർ അട്ടിമറിക്കുകയാണ്. വിദ്യ ഒളിവിൽ പോയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്. ദിവ്യ എവിടെയാണെന്ന് പൊലീസിന് അറിയാം. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് എല്ലാം നടക്കുന്നത്. തട്ടിപ്പിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നത്. എബിവിപി സെക്രട്ടറിയേറ്റ് മാർച്ചിനെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. എ ഐക്യാമറ തട്ടിപ്പ് പോലെ പരീക്ഷ തട്ടിപ്പിലും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. റബർ വില ഇടിയുന്നതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. കേന്ദ്രം നൽകുന്ന നെല്ല് താങ്ങ് വില കൂടി സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിന്റെ പേരിൽ നെൽകർഷകർക്ക് നഷ്ടപ്പെടുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments