തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നല്ല വേഗതയുള്ള ട്രെയിൻ വേണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നതാണു വന്ദേഭാരതിനോടു കാണിച്ച പൊതുവായ സമീപനത്തിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ഇന്ത്യൻ വിപണിയിൽ തരംഗമായി റിയൽമി 11 പ്രോ+ 5ജി, ആദ്യ ദിനം നേടിയത് റെക്കോർഡ് വിൽപ്പന
വന്ദേഭാരതിൽ സഞ്ചരിച്ചതോടെ കെ-റെയിലിനെ എതിർത്തവരുടെയടക്കം മനസിൽ പദ്ധതി അത്യാവശ്യമാണെന്ന തോന്നൽ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരാണ് പദ്ധതിക്ക് അംഗീകാരം നൽകേണ്ടത്. പദ്ധതി അടഞ്ഞ അധ്യായമാണോയെന്നു ഡൽഹിയിൽ വാർത്താ സമ്മേളനത്തിനിടെ കേന്ദ്ര റെയിൽവേ മന്ത്രിയോടു ചോദിച്ചപ്പോൾ അല്ല എന്നും ചർച്ച ചെയ്യുമെന്നുമാണു പറഞ്ഞത്. വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ അദ്ദേഹവുമായി പദ്ധതിയെക്കുറിച്ചു സംസാരിച്ചു. തുടർന്ന് ഡൽഹി സന്ദർശനത്തിനെത്തുമ്പോൾ ചർച്ച ചെയ്യാനാകുമോയെന്ന് അന്വേഷിച്ചെങ്കിലും വിദേശത്തായിരുന്നതിനാൽ പിന്നീടു ചർച്ചയാകാമെന്നറിയിച്ചു. കേരളത്തിൽ വന്നും ചർച്ചയ്ക്കു തയാറാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. നല്ല പോസിറ്റിവായ വശം ആ ഭാഗത്തു കാണുന്നുണ്ട്. മറ്റു കാര്യങ്ങൾ കാലത്തിനു വിടാമെന്നും അദ്ദേഹം അറിയിച്ചു.
സർക്കാരിന് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന്റെ താത്പര്യത്തോടൊപ്പമാണ് സംസ്ഥാന സർക്കാർ നിൽക്കുന്നത്. കെ റെയിൽ പദ്ധതി ആരുടേയും മനസിൽ നിന്നു പോയിട്ടില്ല. കെ റെയിൽ ആവശ്യം തന്നെയാണെന്നാണ് പൊതുവിൽ കാണുന്നത്. അതുകൊണ്ടാണു പദ്ധതിയെക്കുറിച്ചു പോസിറ്റിവായ കാര്യം കേന്ദ്ര സർക്കാരിനു പറയേണ്ടിവന്നത്. ഇന്നല്ലെങ്കിൽ നാളെ പദ്ധതിക്ക് അനുമതി നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments