ചിറ്റാർ: കോവിഡ് കാലത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ യുവാവ് മൂന്നു വർഷത്തിനുശേഷം ഡൽഹിയിൽ അറസ്റ്റിൽ. ചിറ്റാർ സീതത്തോട് മണികണ്ഠൻകാല മംഗലശ്ശേരിൽ പ്രദീപാണ് (മനു -39) അറസ്റ്റിലായത്. ഡൽഹി-ഹരിയാന അതിർത്തിയിലെ ചാവല എന്ന സ്ഥലത്തുനിന്ന് മൂഴിയാർ പൊലീസാണ് ഇയാളെ പിടികൂടിയത്.
2020 മേയ് 27-നും ജൂലൈ ഒന്നിനുമിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോവിഡ് കാലത്ത് വളന്റിയറായി പ്രവർത്തിച്ച പ്രതി, ഇതേ ഡ്യൂട്ടി ചെയ്തുവന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വാക്കുനൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആങ്ങമൂഴി നിലക്കൽ ക്വാറന്റീൻ സെന്ററിൽവെച്ചാണ് പീഡനം നടന്നത്. പരിചയത്തിലായ യുവതിയോട് സ്നേഹം നടിച്ച് അടുപ്പം കാട്ടി കല്യാണം കഴിക്കാമെന്ന് ഉറപ്പ് നൽകിയുമാണ് പീഡിപ്പിച്ചത്. ഡ്യൂട്ടിയെ തുടർന്ന് ക്വാറന്‍റീനിലായ യുവതിയെ രാത്രി പ്രലോഭിപ്പിച്ച് മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോയും ഇയാൾ ഫോണിൽ എടുത്തു. തുടർന്ന്, ക്വാറന്‍റീനിൽ കഴിഞ്ഞു വന്ന രണ്ടാഴ്ച കാലയളവിൽ പലതവണ ബലാത്സംഗം ചെയ്തുവെന്ന് മൊഴിയിൽ പറയുന്നു.
നവംബർ 14-ന് യുവതിയുടെ പരാതിയിൽ കേസെടുത്ത മൂഴിയാർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ജാമ്യത്തിന് പ്രദീപ് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. മൂഴിയാർ പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്. ഗോപകുമാർ, സി.പി.ഒമാരായ ബിനുലാൽ, പി.കെ. ലാൽ, വിജേഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Comment