കുമളി: വീട്ടമ്മയെ സമൂഹമാധ്യമങ്ങൾ വഴി കെണിയിലാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്ന പാലാ പൂവരണി മോളോപറമ്പിൽ മാത്യു ജോസ് (36), ഇയാളുടെ കടയിലെ ജീവനക്കാരൻ കുമളി ചെങ്കര കുരിശുമല പുതുവലിൽ സക്കീർ മോൻ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുമളി പൊലീസ് ഡൽഹിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : മദനിക്ക് നാട്ടിലേക്ക് വരാൻ കെ സി വേണുഗോപാൽ ഇടപെടുന്നു: കർണാടക കോൺഗ്രസ് സർക്കാർ ഇളവ് നൽകിയേക്കും
ഹരിയാന സ്വദേശിനിയായ വീട്ടമ്മയെ സമൂഹമാധ്യമങ്ങൾവഴിയാണ് പരിചയപ്പെട്ടത്. തുടർന്ന്, ഇവരിൽ നിന്ന് 600 ഗ്രാം സ്വർണം ഉൾപ്പെടെ 35 ലക്ഷം രൂപയോളം മാത്യു ജോസ് തട്ടിയെടുത്തതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന കുമളി ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാർ പറഞ്ഞു. ഹരിയാന സ്വദേശിനിയെ കുമളിയിലെ സ്വകാര്യ റിസോർട്ടിൽ താമസിപ്പിച്ച് മാത്യു ജോസും സഹായി സക്കീറും പലതവണ പീഡിപ്പിച്ചു. ഇവരുടെ നഗ്നചിത്രങ്ങൾ കാട്ടിയാണ് പലതവണയായി പണം വാങ്ങിയതെന്നും പൊലീസ് പറയുന്നു. ഇവർ ഒരു മാസം മുമ്പ് കുമളി പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയ ഇരുവരും പല സ്ഥലങ്ങളിൽ മാറി താമസിച്ചു. പിന്തുടർന്നെത്തിയ പൊലീസ് പ്രതികളെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇടുക്കി എസ്.പി കുര്യാക്കോസ്, പീരുമേട് ഡിവൈ.എസ്.പി കുര്യാക്കോസ് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments