നടപ്പ് സാമ്പത്തിക വർഷത്തെ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ആദ്യ ഗഡു പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഈ സാമ്പത്തിക വർഷം രണ്ട് തവണ സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2023-24 സാമ്പത്തിക വർഷത്തെ സീരീസ് ഒന്നിന്റെ ആദ്യ ഗഡു, ജൂൺ 19നാണ് സബ്സ്ക്രിപ്ഷനായി തുറക്കുക. തുടർന്ന് ജൂൺ 23ന് അവസാനിക്കുകയും ചെയ്യും. സീരീസ് ഒന്നിന്റെ ആദ്യ ഗഡുവിന്റെ ഇഷ്വൻസ് തീയതി ജൂൺ 27 ആണ്. അതേസമയം, സീരീസ് രണ്ടിന്റെ രണ്ടാം ഗഡു സെപ്റ്റംബർ ഒന്നിന് സബ്സ്ക്രിപ്ഷനായി തുറക്കുകയും, സെപ്റ്റംബർ 15ന് അവസാനിക്കുകയും ചെയ്യും. രണ്ടാം ഗഡുവിന്റെ ഇഷ്വൻസ് തീയതി സെപ്റ്റംബർ 20 ആണ്.
സോവറിൻ ഗോൾഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെയാണ് റിസർവ് ബാങ്ക് സോവറിൻ ഗോൾഡുകൾ പുറത്തിറക്കുന്നത്. ഇവ സാധാരണ സ്വർണത്തിന് മികച്ച ബദലാണ്. 2015 നവംബറിലാണ് മോണിറ്റൈസേഷൻ സ്കീമിന് കീഴിൽ സോവറിൻ ഗോൾഡ് ബോണ്ട് അവതരിപ്പിച്ചത്. വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, ട്രസ്റ്റുകൾ, യൂണിവേഴ്സിറ്റികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാൻ സാധിക്കും.
Post Your Comments