സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ദുർബലമാകാൻ സാധ്യത. നിലവിൽ, കേരളത്തിലേക്കുള്ള കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസം നിലവിൽ ലഭിക്കുന്നതിനേക്കാൾ മഴയുടെ അളവ് കുറയുന്നതാണ്. അടുത്ത ദിവസങ്ങളിൽ ജില്ലകൾക്ക് മുന്നറിയിപ്പോ അലർട്ടോ നൽകിയിട്ടില്ല. അടുത്തയാഴ്ചയോടെ കാറ്റിന് ശക്തി പ്രാപിച്ച് വ്യാപകമായ ഉണ്ടാകാൻ സാധ്യതയുണ്ട്. മഴ കുറഞ്ഞിങ്കിലും കേരളതീരത്ത് കടലാക്രമണ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് കാലവർഷ കാറ്റിനെ ശക്തിപ്പെടുത്തിയിരുന്നു. എന്നാൽ, ബിപോർജോയ് ഗുജറാത്ത് തീരത്ത് എത്തിയതോടെ കാറ്റിന്റെ സ്വാധീനം നഷ്ടപ്പെട്ടു. കാലവർഷ കാറ്റ് ദുർബലമാകാനുള്ള പ്രധാന കാരണം ഇതാണ്. അതേസമയം, ജൂൺ 18 വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40-45 കിലോമീറ്റർ വരെയും, ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല. കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പരമാവധി ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments