ബെയ്ജിങ്: ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം ചെയ്തതിനെ തുടര്‍ന്ന് ചൈനീസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ യുവതിക്ക് ദാരുണാന്ത്യം. ദൗയിന്‍ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമില്‍ പതിനായിരത്തിലേറെ ഫോളോവേഴ്സുള്ള കുയുവ എന്ന ഇരുപത്തിയൊന്നുകാരിക്കാണ് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടെ മരണം സംഭവിച്ചത്.
ടിക് ടോകിന് സമാനമായ ചൈനീസ് സാമൂഹിക മാധ്യമമാണ് ദൗയിന്‍. ഷാങ്ക്സി പ്രവിശ്യയിലെ ഷിയാനിൽ ശരീരഭാരം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന വെയ്റ്റ് ലോസ് ക്യാമ്പിലായിരുന്നു കുയുവ. വ്യായാമത്തിന് പിന്നാലെയുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു മരണം സംഭവിച്ചത്.
വെയ്റ്റ് ലോസ് ക്യാമ്പില്‍ ചേര്‍ന്നതിന് പിന്നാലെ ഫിറ്റ്നസില്‍ മാത്രമായിരുന്നു കുയുവ ശ്രദ്ധ നല്‍കിയിരുന്നത്. ക്യാമ്പില്‍ നിന്ന് കുയുവ പങ്കുവെച്ച നൂറോളം വീഡിയോകളില്‍ കഠിനമായ വര്‍ക്കൗട്ടുകളും ക്യാമ്പിലെ അല്പാഹാരവുമാണ് പ്രധാനമായും ഉണ്ടായിരുന്നത്. 90 കിലോഗ്രാം ഭാരം കുറയ്ക്കുന്നതാണ് ലക്ഷ്യമെന്നും പറഞ്ഞ കുയുവ, ആറ് മാസം കൊണ്ട് 36 കിലോഗ്രാം ഭാരം കുറച്ചതായി അവകാശപ്പെട്ടിരുന്നു.
Post Your Comments