KeralaLatest NewsNews

പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകർന്ന കാലമുണ്ടായിട്ടില്ല: കുറ്റവാളികൾക്ക് കുടപിടിച്ച് കൊടുക്കുന്നുവെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: കേരളാ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകർന്നൊരു കാലമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ കുറ്റവാളികൾക്ക് പോലീസ് കുടപിടിച്ച് കൊടുക്കുകയാണ്. പ്രതികളെല്ലാം നടുറോഡിൽ കയ്യും വീശി നടക്കുമ്പോൾ കൈകാലുകളിൽ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പോലീസ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സിപിഎം നേതാക്കളിൽ നിന്നും തിട്ടൂരം വാങ്ങി ജോലി ചെയ്യുന്നവരായി കേരള പോലീസ് അധഃപതിച്ചു.

Read Also: പകർച്ചപ്പനികൾക്കെതിരെ ജാഗ്രത വേണം: എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഏഴു വർഷങ്ങൾക്കു മുമ്പ് ക്രമസമാധാന പാലനത്തിലും കാര്യക്ഷമതയിലും ലോകത്തിനു മാതൃകയായിരുന്നു കേരള പോലീസ്. എന്നാൽ ഇന്ന് പോലീസ് സേന അടിമുടി അടിമവത്ക്കരിക്കപ്പെട്ടു. കേരള ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര മന്ത്രി ആരെന്ന് ചോദിച്ചാൽ, സിപിഎമ്മുകാർക്ക് പോലും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. വഴിവക്കിൽ നിൽക്കുന്നവന്റെ മുഖത്തടിക്കുന്നത് മുതൽ ജനപ്രതിനിധികൾക്കെതിരെ കള്ളക്കേസെടുക്കുന്നതു വരെ നീളുന്നു പോലീസിന്റെ പരാക്രമങ്ങൾ. നിയമപാലകൻ ക്രിമിനലും ക്രിമിനലുകളുടെ സുഹൃത്തും സംരക്ഷകനും ആകുന്നതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

പോലീസ്-ഗുണ്ടാ ബന്ധം എന്ന പ്രയോഗം മലയാളിക്കിപ്പോൾ അരി – പയർ എന്നൊക്കെ പറയും പോലെ സുപരിചിതമായിരിക്കുന്നു. പ്രതിപക്ഷ സമരങ്ങളോട് പോലീസ് കാണിക്കുന്ന അസഹിഷ്ണുത പറയാതിരിക്കാനാകില്ല. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ തല അടിച്ചു പൊളിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നതെന്നും വി ഡി സതീശൻ ചോദിക്കുന്നു. ഏത് നിയമത്തിലാണ് ഇങ്ങനയൊരു പ്രതിരോധ രീതിയെ കുറിച്ച് പറയുന്നത്. രാഷ്ട്രീയ ഇടപെടലിന്റെ അതിപ്രസരം ഉണ്ടാകുമ്പോഴാണ് സിഐമാരെ സിപിഎം ഏരിയാ സെക്രട്ടറിമാരും എസ്പിമാരെ ജില്ലാ സെക്രട്ടറിമാരും നിയന്ത്രിക്കുന്നത്. കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ ഭരണ പാർട്ടിയുടെ ഓഫീസുകളാകുന്നത്. ഇതേ പോലീസിനെ വച്ചാണ് തങ്ങൾക്കെതിരെ കള്ളക്കേസെടുക്കുന്നത്. ഈ ഉമ്മാക്കികൾ കൊണ്ട് കോൺഗ്രസിനെയോ യുഡിഎഫിനെയോ ഭയപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തുള്ള എല്ലാത്തിനെയും പേടിച്ചോടുന്ന പിണറായി വിജയന് നാടുനീളെ വഴിയൊരുക്കുന്ന കൂലിപ്പട മാത്രമായി കേരള പോലീസ് തരംതാണിരിക്കുന്നു. വഴിയോരത്ത് മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച പെൺകുട്ടികളെ കയറിപ്പിടിച്ച പുരുഷ പോലീസിനെയും ചരിത്രത്തിൽ ആദ്യമായി കേരളം കണ്ടു. ആൾമാറാട്ടക്കാരനും വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാതാക്കളും പരീക്ഷ എഴുതാതെ ജയിച്ച കുട്ടിസഖാക്കളും പോലീസിന്റെ കൺമുന്നിൽ ജേതാക്കളെ പോലെ നടക്കുമ്പോഴാണ് സർക്കാരിന് ഹിതകരമാല്ലാത്ത വാർത്ത ചെയ്തു എന്നതിന്റെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുന്നത്. പൗരാവകാശങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി പുരപ്പുറത്ത് കയറി കൂകുന്നവർ തികഞ്ഞ ഫാസിസ്റ്റുകളായി അധഃപതിച്ചു. തങ്ങളെ സംരക്ഷിക്കാനാണ് പോലീസ്, പക്ഷെ നിങ്ങളിൽ നിന്ന് തങ്ങളെ ആര് രക്ഷിക്കും എന്നൊരു ചോദ്യമുണ്ടായാൽ അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. നിയമം നടപ്പാക്കുമ്പോൾ അതേ നിയമങ്ങൾ പാലിക്കാൻ പോലീസും ബാധ്യസ്ഥരാണെന്നോർക്കുക. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്നുമോർക്കുക. ഏഴ് വർഷങ്ങൾ കൊണ്ട് കേരള പോലീസിനെ പിണറായി വിജയന്റെ അടിമകൂട്ടമാക്കി മാറ്റിയതിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read Also: തന്റേത് ശരിയായ നിലപാട്, ധാര്‍ഷ്ട്യമല്ല, മാദ്ധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റില്ല: എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button