കൊച്ചി: കത്രിക വയറ്റില്‍ കുത്തി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വടക്കേക്കര കുഞ്ഞിത്തൈയില്‍ താമസിക്കുന്ന പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശി നികത്തില്‍ സിബിനാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ രമണി(38)യെ പൊലീസ് അറസ്റ്റ് ചെയ്തു. സിബിനും ഭാര്യയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഭാര്യ സിബിന്റെ വയറ്റില്‍ കത്രിക കൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
ഈ മാസം രണ്ടിനാണ് പറവൂര്‍ കുഞ്ഞിത്തൈയിലെ വാടക വീട്ടില്‍ വച്ച് സിബിന് വയറ്റില്‍ കത്രികവച്ച് കുത്തേല്‍ക്കുന്നത്. തന്നോടുള്ള ദേഷ്യത്തില്‍ സിബിന് ഭിത്തിയിലേക്ക് എറിഞ്ഞ കത്രിക താഴേക്ക് വന്ന് വയറ്റില്‍ കുത്തിക്കയറിയെന്നാണ് രമണി ബന്ധുക്കളോട് പറഞ്ഞത്. ആദ്യം പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിബിനെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടറോട് സിബിനും പറഞ്ഞത് ഇതുതന്നെയാണ്.
മുറിവ് ഗുരുതരമായതിനാല്‍ പറവൂര്‍ ഗവ. ആശുപത്രി, എറണാകുളം മെഡിക്കല്‍ കോളേജ്, ആലുവയിലെ സ്വകാര്യ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സിബിന് മരിക്കുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ സിബിന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിശദമായ അന്വേഷണത്തില്‍ സിബിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
സിബിനും രമണിയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം ഉച്ചയോടെ സിബിനും രമണിയുമായി വാക്കുതര്‍ക്കമുണ്ടായി. അതിനിടെ കയ്യില്‍ കിട്ടിയ കത്രിക എടുത്ത് സിബിന് രമണിയെ അക്രമിക്കാനൊരുങ്ങി. രമണി മുറിയില്‍ കയറി വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സിബിന് വാതില്‍ തള്ളിത്തുറന്നു. സിബിന്റെ കയ്യില്‍ നിന്ന് കത്രിക തട്ടിയെടുത്ത രമണി പ്രാണരക്ഷാര്‍ഥം സിബിന്റെ വയറ്റില്‍ ആഞ്ഞുകുത്തി. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് രമണിക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തത്.
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments