കൊച്ചി: എല്ലാ ദൈവത്തിനും ജീവിക്കാൻ മനുഷ്യന്റെ പൈസ വേണമെന്നും ദൈവം എന്ന സങ്കൽപ്പത്തോട് തനിക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കി നടൻ സലിം കുമാർ. മനുഷ്യൻ എന്ന നിലയിൽ താൻ സന്തോഷവാനല്ലെന്നും ഇനി മനുഷ്യനായി ജനിക്കേണ്ട എന്നും സലിം കുമാർ പറഞ്ഞു. ഐസിയുവിൽ കിടന്നപ്പോൾ മരണത്തിന് മുമ്പ് ദൈവത്തെ കാണാമെന്ന് വിചാരിച്ചെങ്കിലും മരണങ്ങൾ മാത്രമേ താൻ കണ്ടിട്ടുള്ളു എന്നും ഒരു അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞു.
സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ;
ഞാൻ മുൻപ് അമ്പലത്തിൽ പോയിരുന്നതാണ്. ദൈവത്തോട് നമുക്ക് സംസാരിക്കാനാവില്ല. അതിന് പൂജാരിയോ പള്ളീലച്ചനോ മല്ലാക്കയോ വേണം. നമ്മളോട് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ദൈവം. എന്റെ ദൈവത്തിനോട് ഞാൻ നേരിട്ട് സംസാരിച്ചോളാം. ചെറുപ്പത്തിലെ അടിച്ചേൽപ്പിച്ച കുറേ കാര്യങ്ങൾ നമ്മുടെ മനസിലുണ്ട്. അതുകൊണ്ട് ഈശ്വര എന്ന് അറിയാതെ വിളിച്ചുപോകും.
ദൈവം എന്ന സങ്കൽപ്പത്തോട് തന്നെ വിശ്വാസമില്ല. ദൈവത്തിന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ്. ശബരിമലയ്ക്ക് 18 വർഷം ഞാൻ പോയിട്ടുണ്ട്. ക്രിസ്ത്യൻ പള്ളിയിലും പോയിട്ടുണ്ട്. എവിടെ ചെന്നാലും പൈസയുടെ പരിപാടി മാത്രമുള്ളൂ. ദേശീയ പുരസ്‌കാരം നേടി തന്ന കഥാപാത്രമായതിനാൽ ഹജ്ജിന് പോകണമെന്ന് തോന്നിയിരുന്നു. മുസ്ലീമല്ലാത്തതിനാൽ എനിക്ക് പോകാൻ കഴിയില്ലായിരുന്നു. പകരം മറ്റൊരാളെ ഞാൻ ഹജ്ജിന് വിട്ടു. എന്റെ ജീവിതത്തിന് അർത്ഥമുണ്ടായില്ല, ആ കഥാപാത്രത്തിനെങ്കിലും അർത്ഥമുണ്ടാകട്ടെ എന്നു കരുതി.
സിനിമ നടനായി ദേശീയ അവാർഡ് കിട്ടതുകൊണ്ട് ജീവിതത്തിന് അർത്ഥമുണ്ടാകില്ല. ഞാൻ ഭർത്താവ് എന്ന നിലയിൽ സന്തോഷവാനാണ്. രണ്ട് മക്കളുടെ അച്ഛൻ എന്ന നിലയിലും സന്തോഷവാനാണ്. പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ സന്തോഷവാനല്ല. ഞാൻ എന്താണ് നൽകിയത്? അസംതൃപ്തിയിൽ നിന്നല്ല ആ ചിന്തയുണ്ടായത്. ജീവിതം പഠിപ്പിച്ചതാണ്. ഐസിയുവിൽ മരണത്തെ മുഖാമുഖം കണ്ട് ഞാൻ കിടന്നു. മരണത്തിന് തൊട്ടുമുൻപ് ദൈവത്തെ കാണുമല്ലോ. അവിടെ ഞാൻ സാക്ഷിയായത് കുറേ മരണങ്ങൾക്കാണ്. ഓസ്‌കറിന് പോലും അർത്ഥമില്ലെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ഇനി മനുഷ്യ ജന്മം വേണ്ട, മതിയായി. വേറെ എന്തൊക്കെ ജന്മമുണ്ട്.
Post Your Comments