തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര ഷിപ്പ് പോര്‍ട്ട് സുരക്ഷാ കോഡ് (ഐ.എസ്.പി.എസ് കോഡ്) ലഭ്യമാക്കുന്നതിനോടനുബന്ധിച്ചുളള സര്‍വേ നടപടികള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗ് നിയോഗിച്ച ഉന്നതതല സര്‍വേ സംഘം പദ്ധതിപ്രദേശം സന്ദര്‍ശിച്ചതോടെ വിഴിഞ്ഞം-മാലെ ചരക്കുകപ്പല്‍ സര്‍വീസ് ആരംഭിക്കാനുളള നീക്കം സജീവമായി. ഇതോടെ, ആറ് മാസത്തിനുള്ളില്‍ കേരളത്തിന് ഉണ്ടാകാന്‍ പോകുന്നത് വന്‍ സാമ്പത്തിക നേട്ടമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സുരക്ഷാ കോഡ് സംബന്ധിച്ച് അനുകൂല പ്രതികരണം അധികൃതരില്‍ നിന്നുണ്ടായതായാണ് വിവരം.കോഡ് ലഭ്യമായാല്‍ വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ച് അടക്കമുളള ഷിപ്പിംഗ് അനുബന്ധ നടപടികളും ആരംഭിക്കും.രണ്ട് സ്വകാര്യ ഏജന്‍സികള്‍ ചരക്കുകപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് താത്പര്യമറിയിച്ച് മാരിടൈം ബോര്‍ഡിനെ സമീപിച്ചിട്ടുണ്ട്. സര്‍വീസ് സജീവമാക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖ ബേസിനില്‍ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കും. കപ്പലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സീവേര്‍ഡ് വാര്‍ഫ് നീളവും കൂട്ടും.
ഐ.എസ്.പി.എസ് കോഡ് ലഭ്യതയ്ക്ക് പിന്നാലെ വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് ക്ലിയറന്‍സ് കൂടി ലഭ്യമായാല്‍ കാര്‍ഗോ (ചരക്കുകയറ്റി അയക്കലും ഇറക്കലും) ഷിപ്പിംഗിനും തുടക്കമാകും.
Post Your Comments