സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ മുകളിലേക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു കിലോ കോഴിയിറച്ചിക്ക് 90 രൂപയാണ് വർദ്ധിച്ചത്. നിലവിൽ, ഒരു കിലോ ഇറച്ചി വാങ്ങണമെങ്കിൽ 220 രൂപ മുതൽ 250 രൂപ വരെ ചെലവഴിക്കേണ്ടി വരും. സംസ്ഥാനത്ത് പ്രതിമാസം 2.4 കോടി കിലോ ചിക്കൻ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ സർക്കാർ ഏജൻസികളുടെ വിഹിതം 2.5 ശതമാനം മാത്രമാണ്. ബാക്കി 60 ശതമാനത്തോളം അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തുന്നത്. കേരളത്തിൽ വലിയ തോതിൽ കോഴികൾ ഇറക്കുമതി ചെയ്യുന്നതിലൂടെ 540 കോടി രൂപയോളമാണ് അയൽ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്.
ഇറച്ചിക്കോഴിയുടെ വില കുത്തനെ ഉയർന്നെങ്കിലും മലയാളികൾക്ക് അതൊരു പ്രശ്നമായി ബാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഒരു മാസം കൊണ്ട് ആറ് കോടി കിലോ ചിക്കനാണ് മലയാളികൾ കഴിച്ച് തീർക്കുന്നത്. ഒരു കിലോ കോഴിയിറച്ചിക്ക് ശരാശരി 150 രൂപ വെച്ച് കണക്കാക്കിയാൽ തന്നെ 900 കോടി രൂപയോളം കോഴി വാങ്ങുന്നതിനായി മലയാളി ചെലവഴിക്കുന്നുണ്ട്. ആഘോഷവേളകളിൽ ഈ കണക്ക് ഇതിലും ഉയരും. ഉപഭോക്താക്കൾക്ക് 87 രൂപയ്ക്ക് കോഴിയെ നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ ‘കേരള ചിക്കൻ’ ആദ്യ ഘട്ടത്തിൽ ജനപ്രീതി നേടിയിരുന്നു. നിലവിൽ, ഈ പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്. ഇറച്ചിക്കോഴി വില കൂടുന്ന സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേരള ചിക്കൻ പദ്ധതി ആവിഷ്കരിച്ചത്.
Also Read: തെരുവുനായയുടെ ആക്രമണം : നിരവധിപേർ പരിക്കേറ്റ് ആശുപത്രിയിൽ
Post Your Comments