രാജ്യത്തെ പ്രമുഖ പൊതുമേഖലായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടപ്പത്രങ്ങൾ വഴി കോടികൾ സമാഹരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം കടപ്പത്രങ്ങൾ പുറത്തിറക്കുന്നതിലൂടെ 50,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് എസ്ബിഐ ബോർഡ് ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. ദീർഘകാല ബോണ്ടുകളോ ബേസൽ-III കംപ്ലയിന്റ് അഡീഷണൽ ടയർ-1 ബോണ്ടുകളോ അല്ലെങ്കിൽ ബേസൽ-III കംപ്ലയിന്റ് ടയർ-2 ബോണ്ടുകളോ പോലുള്ള ഡെറ്റ് ഉപകരണങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ രൂപയിലോ മറ്റേതെങ്കിലും കൺവേർട്ടിബിൾ കറൻസിയിലോ ഫണ്ട് ശേഖരിക്കാനാണ് നീക്കം.
വിദേശ ബിസിനസ് വളർച്ചയ്ക്ക് ഫണ്ട് നൽകുന്നതിനായി എസ്ബിഐ കഴിഞ്ഞ മാസം 750 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതിനോടൊപ്പം ഏപ്രിൽ മാസത്തിൽ രണ്ട് ബില്യൺ ഡോളറിന്റെ ദീർഘകാല ഫണ്ട് സമാഹരണത്തിനും എസ്ബിഐ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. എസ്ബിഐയുടെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം 59 ശതമാനം വർദ്ധനവോടെ 50,232 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കൂടാതെ, അറ്റ പലിശ വരുമാനം 20 ശതമാനം ഉയർന്ന് 1.45 ലക്ഷം കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനത്തോടെ, ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 14.68 ശതമാനവും, ഒരു വർഷം മുൻപ് 18.83 ശതമാനവുമായിരുന്നു.
Post Your Comments