മലപ്പുറം: മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി നൽകിയ ലെസ്ബിയൻ ദമ്പതികളിൽ ഒരാളെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതായി പരാതി. തന്റെ പങ്കാളിയെ കുടുംബം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ സുമയ്യയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സുമയ്യയുടെ പങ്കാളിയായ അഫീഫയെ ആണ് കാണാതായത്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഒരു പ്രമുഖ ചാനലിനോടായിരുന്നു സുമയ്യയുടെ പ്രതികരണം.
വീട്ടുകാർ തന്റെയടുത്ത് നിന്നും പിടിച്ചുകൊണ്ടുപോയ പങ്കാളിക്കായി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുകയാണ് സുമയ്യ. പ്ലസ് ടു പഠന കാലത്താണ് സുമയ്യയും അഫീഫയും അടുപ്പത്തിലാകുന്നത്. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുമയ്യ, അഫീഫയ്‌ക്കൊപ്പം ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഇറങ്ങി.
എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് ഒരുമിച്ച് കഴിയുകയായിരുന്നു ഇരുവരും. ഇതിനിടെ അഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന് കാട്ടി പരാതി നൽകി. രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും സ്വമേധയാ ഹാജരായി. തങ്ങൾ പ്രണയത്തിലാണെന്നും, ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും ഇരുവരും കോടതിയെ അറിയിച്ചു. ഇവർക്കനുകൂലമായിരുന്നു കോടതി വിധി. പ്രായപൂർത്തി ആയതിനാൽ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ഇരുവരും വാങ്ങുകയും ചെയ്തു.
പിന്നീട് കുറച്ച് നാൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മെയ് മാസം മുപ്പതിന് വീട്ടുകാരെത്തി അഫീഫയെ ബലമായി കൊണ്ടുപോയി എന്നാണ് സുമയ്യ ആരോപിക്കുന്നത്. അഫീഫയെ കയറ്റിയ കാറിനടുത്തു ചെന്ന സുമയ്യയെ കയ്യേറ്റം ചെയ്യാൻ വരെ അവളുടെ വീട്ടുകാർ ശ്രമിച്ചതായി ആരോപണവും ഉണ്ട്. ഉടൻ തന്നെ സുമയ്യ പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ, കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ, എസ് പി, ഡി ജി പി തുടങ്ങിയവർക്ക് പരാതി നൽകി. ജൂൺ 5ന് സുമയ്യയുടെ ഹേബിയസ് കോർപ്പസ് പരാതി ഹൈക്കോടതി സ്വീകരിക്കുകയും ജൂൺ 9 ന് അഫീഫയെ കോടതിയിൽ ഹാജരാക്കണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ, പെൺകുട്ടിയുടെ വീട്ടുകാർ അവളെ കോടതിയിൽ ഹാജരാക്കിയില്ല. അഫീഫ എവിടെയെന്ന് ആർക്കും അറിയുകയുമില്ല. അഫീഫ കോഴിക്കോട് ആണെന്നാണ് കുടുംബത്തിനായി ഹാജരായ അഭിഭാഷകൻ പറഞ്ഞത്. പത്ത് ദിവസത്തെ സാവകാശം വേണമെന്ന ഇവരുടെ ആവശ്യം, കോടതി അംഗീകരിച്ചു. കൂടുതൽ ദിവസം വീട്ടിൽ നിർത്തിയാൽ ഹഫീഫയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് സുമയ്യ ഷെറിൻ പറയുന്നത്.
Post Your Comments