ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സുപ്രീംകോടതിയുടെ വിമർശനം. ഇലക്ട്രൽ ബോണ്ടുകളുടെ വിവരങ്ങൾ എത്രയും വേഗം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൂടാതെ, മാർച്ച് 15-നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് വിധി.
ഇലക്ട്രൽ ബോണ്ടുകളുടെ വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ബിഐ ഹർജി നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ട് മൂന്ന് ആഴ്ച പിന്നിട്ടിട്ടും വിധി നടപ്പാക്കുന്നതിന് എന്ത് നടപടിയാണ് എസ്ബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുപ്രീം കോടതി ചോദിച്ചു.
ഇലക്ട്രൽ ബോണ്ട് വാങ്ങിയവരുടെയും പണം ലഭിച്ച പാർട്ടികളുടെയും വിവരങ്ങൾ സംയോജിപ്പിച്ച് കൈമാറുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് എസ്ബിഐ കോടതിയിൽ പറഞ്ഞു. ഇലക്ട്രൽ ബോണ്ട് വാങ്ങിയത് ആരൊക്കെ വാങ്ങിയെന്ന് ഉടന്‍ പറയാമെന്നും ഏതൊക്കെ പാര്‍ട്ടിക്ക് പണം കിട്ടിയെന്ന് പറയാന്‍ കൂടുതല്‍ സമയം വേണമെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. എന്നാൽ, എസ്ബിഐയുടെ ആവശ്യം സുപ്രീംകോടതി നിരസിക്കുകയായിരുന്നു.
Post Your Comments