പത്തനംതിട്ട: പൊലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പിടിയിൽ. ചിറ്റാര്‍ മീന്‍കുഴി സ്വദേശി ജിതിനാണ്(35) പിടിയിലായത്.
ബുധനാഴ്ച വൈകീട്ട് അഞ്ചിന് തെളിവെടുപ്പിന് കൊണ്ടുവരുംവഴി വിലങ്ങുമായി ഇയാൾ കടന്നുകളയുകയായിരുന്നു. പതിനേഴുകാരിയുമായി വീട്ടിലെത്തിയ ജിതിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് ചിറ്റാര്‍ പൊലീസിന് കൈമാറുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ജിതിനെ കഞ്ചാവ് ശേഖരം വീട്ടിലുണ്ടെന്ന സംശയത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
Read Also : കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
കൈ മുന്‍വശത്തേക്ക് ആക്കിയാണ് വിലങ്ങിട്ടിരുന്നത്. മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ കൊണ്ടുപോകുന്നതിനിടെ താഴ്ചയിലേക്ക് ചാടി ഓടുകയായിരുന്നു.
പിടിയിലാകുമ്പോൾ ഒരു കൈയിലെ വിലങ്ങ് അഴിഞ്ഞുപോയ അവസ്ഥയിലായിരുന്നു. ചിറ്റാര്‍ സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് കഞ്ചാവ് വില്പനയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട് പരിശോധിക്കാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ്ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments