Latest NewsKeralaNews

‘വിദ്യ എസ്.എഫ്.ഐക്കാരി അല്ല, തെറ്റ് പലരും ചെയ്തിട്ടുണ്ടാകും’: ഫോട്ടോ നോക്കി ആരെയും വിലയിരുത്തരുതെന്ന് ഇ.പി ജയരാജൻ

കൊച്ചി: വ്യാജ രേഖയുണ്ടാക്കി അധ്യാപന നിയമനത്തിന് ശ്രമിച്ച എസ്.എഫ്.ഐ മുൻ നേതാവ് കെ വിദ്യയെ തള്ളി സി.പി.എം. വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണ് വിദ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്ത നടപടികളെ പ്രശംസിക്കുകയാണ് ചെയ്യേണ്ടതെന്നും ജയരാജൻ കൂട്ടിച്ചെർത്തു.

‘ഒരു തിരഞ്ഞെടുപ്പാകുമ്പോൾ പലരും മത്സരിക്കും, അവരെല്ലാം നേതാക്കളാണോ?. കോളജിൽ തിരഞ്ഞെടുപ്പ് എത്തുമ്പോൾ വോട്ട് ലഭിക്കാൻ സാധ്യതയുള്ള പലരേയും മത്സരിപ്പിക്കും. അവരെല്ലാം നേതാക്കളല്ല. വിദ്യ ചെയ്തത് തെറ്റാണ്. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണുണ്ടായത്. എസ്എഫ്ഐയെ തകർക്കാനും നശിപ്പിക്കാനും ശ്രമിക്കരുത്. എസ്എഫ്ഐക്കാർ തെറ്റ് ചെയ്യുന്നത് നോക്കിയാണ് പലരും നടക്കുന്നത്. തെറ്റ് പലരും ചെയ്തിട്ടുണ്ടാകും. ഫോട്ടോ നോക്കി ആരെയും വിലയിരുത്തരുത്. എതെല്ലാം നേതാക്കളുടെ കൂടെ ആരെല്ലാം ഫോട്ടോയെടുത്തിട്ടുണ്ട്. പലരും നേതാക്കളുടെ കൂടെ ഫോട്ടെയെടുക്കും. എവിടെ ചെന്നാലും ഫോട്ടോ എടുക്കാൻ ആളുകൾ വരും’, ജയരാജൻ പറഞ്ഞു.

വിദ്യ ഒറ്റയ്ക്കാണ് വ്യാജ തിരിമറി നടത്തിയതെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രാജീവ് ഗാന്ധിയെ കൊന്നത് ഒരു സ്ത്രീ ഒറ്റയ്ക്കല്ലെ എന്നാണ് ഇ.പി.ജയരാജൻ പ്രതികരിച്ചത്.

അതേസമയം, സംഭവത്തിൽ കോളേജിലുള്ളവരുടെ മൊഴിയെടുക്കും. വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. വിദ്യ നിലവിൽ ഒളിവിലാണെന്നാണ് റിപ്പോർട്ട്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ അന്വേഷണം അഗളി പൊലീസിന് കൈമാറാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button