കോട്ടയം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്‌ക്കെതിരെ ഉയർന്ന മാർക്ക് വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും, പരീക്ഷ എഴുതാത്ത ആൾ എങ്ങിനെ ജയിച്ചു എന്നത് സംബന്ധിച്ച വിശദവിവരങ്ങൾ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കെ വിദ്യയുടെ കേസിലും അദ്ദേഹം പ്രതികരിച്ചു. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അന്വേഷണം നടക്കട്ടേയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു
അതേസമയം, മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 7 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് അഗളി പൊലീസിന് കൈമാറിയേക്കും. അതേസമയം, വിഷയത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ് യു പരാതി നൽകി.
യുവ എഴുത്തുകാരി എന്ന നിലയിൽ സാംസ്കാരിക രംഗത്ത് പേരെടുത്ത വ്യക്തിയാണ് വിദ്യ. യുവ കഥാകാരിയായ വിദ്യ, തന്റെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ വിദ്യയുടെ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്. പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെ സംഭവം പുറത്താവുകയായിരുന്നു.
Post Your Comments