Latest NewsKeralaIndia

വീണ്ടും പടികടന്നെത്തിയ കോടിയേരിയെ കണ്ട് കണ്ണീരടക്കാനാവാതെ വിനോദിനിയും ബിനീഷും

തിരുവനന്തപുരം: മണ്മറഞ്ഞ സഖാവിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന തലസ്ഥാനത്തെ ‘കോടിയേരി’ വീടിന്‍റെ പടികടന്ന് ഒരിക്കല്‍ക്കൂടി കോടിയേരി ബാലകൃഷ്ണൻ എത്തി. ആ കാഴ്ചയുടെ വൈകാരിക നിമിഷത്തില്‍ ഭാര്യ വിനോദിനിയുടെ കണ്ണില്‍ സങ്കടപ്പെരുമഴ. ആശ്വസിപ്പിക്കാനെത്തിയ മകൻ ബിനീഷും കണ്ണീരണിഞ്ഞു. ശില്‍പി സുനില്‍ കണ്ടല്ലൂര്‍ ഒരുക്കിയ മെഴുകില്‍ തീര്‍ത്ത സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ പൂര്‍ണകായ പ്രതിമ കുടുംബാംഗങ്ങള്‍ക്ക് കാണാനായാണ് ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചത്.

രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ മുഖമുദ്രയാണ് നിറഞ്ഞ ചിരി. ചിരിച്ചുനില്‍ക്കുന്ന പ്രതിരൂപം കാഴ്ചയില്‍ സാക്ഷാല്‍ കോടിയേരിതന്നെ. ജീവൻ സ്പന്ദിക്കുന്ന ആ മുഖത്തേക്ക് അല്‍പനേരം നോക്കിനിന്ന വിനോദിനി സഖാവിന്‍റെ കരം തൊട്ടു. ഓര്‍മകളുടെ വേലിയേറ്റത്തില്‍ വിതുമ്പിപ്പോയ വിനോദിനിക്കൊപ്പം പേരക്കുട്ടികളുമുണ്ടായിരുന്നു. പ്രിയപ്പെട്ട അച്ചാച്ചൻ ഒരിക്കല്‍ക്കൂടി മുന്നില്‍ വന്നു ചിരിതൂകി നില്‍ക്കുന്നതിന്‍റെ സന്തോഷവും അമ്പരപ്പുമായിരുന്നു കുരുന്നുകളുടെ മുഖത്ത്.

കോടിയേരി ബാലകൃഷ്ണന്‍റെ പ്രതിമ അടുത്ത ദിവസം മുതല്‍ തിരുവനന്തപുരത്തെ സുനില്‍സ് വാക്സ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ശില്‍പി സുനില്‍ കണ്ടല്ലൂര്‍ പറഞ്ഞു. കണ്ണൂരില്‍ നായനാര്‍ അക്കാദമിയിലെ മ്യൂസിയം ജോലികള്‍ക്കിടെയാണ് മെഴുക് പ്രതിമ ചെയ്യാനുള്ള താല്‍പര്യം കോടിയേരിയോട് പറഞ്ഞിരുന്നത്. ശേഷം രോഗാവസ്ഥയിലായതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. ആറു മാസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button