KeralaLatest NewsNews

കണ്ണൂരില്‍ ട്രെയിനിന് തീയിട്ട കേസില്‍ പ്രതിക്ക് പുറമെ നിന്ന് ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ്

കണ്ണൂര്‍: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കോച്ചില്‍ തീയിട്ട കേസില്‍ പ്രതിക്ക് പുറമെനിന്ന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പോലീസ്. തനിയെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനായി റിമാന്‍ഡില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ സ്വദേശി പ്രസോന്‍ജിത്ത് സിദ്ഗറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിക്കും.

Read Also: എഐ ക്യാമറകൾ തിങ്കളാഴ്ച്ച രാവിലെ 8 മണി മുതൽ പ്രവർത്തനസജ്ജമാകും: ഗതാഗത മന്ത്രി

പ്രതിയെ കൃത്യം നടത്തി എട്ട് മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നു തന്നെയാണ് പ്രതി പിടിയിലായത്. തീവെയ്ക്കുന്നതിന് മൂന്ന് ദിവസം മുന്‍പാണ് പ്രതി പശ്ചിമബംഗാളില്‍ നിന്ന് ട്രെയിനില്‍ തലശേരിയിലെത്തുന്നത്. ഇവിടെ നിന്ന് വഴിയില്‍ കണ്ടവരുടെ പക്കല്‍ നിന്നും ഭിക്ഷ യാചിച്ചാണ് കണ്ണൂരിലെത്തിയത്. രണ്ട് ദിവസം കാര്യമായ ഭക്ഷണം ലഭിക്കാഞ്ഞതിനാല്‍ ഇയാള്‍ ക്ഷുഭിതനും നിരാശനുമായിരുന്നു.

തീവെയ്ക്കുന്നതിന്റെ തലേദിവസം വൈകിട്ടാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. പൈപ്പില്‍ നിന്നും വെള്ളം കുടിച്ചും കിടന്നുറങ്ങിയും സമയം ചെലവഴിച്ചു. അര്‍ദ്ധരാത്രിയോടെ ഉറക്കമുണര്‍ന്നതിന് ശേഷം ഒന്നാമത്തെ പ്ലാറ്റ്‌ഫോമിന്റെ തെക്കുഭാഗത്തേക്ക് നടന്നു. ബിപിഎല്‍സിയുടെ ഇന്ധനസംഭരണിക്ക് മുന്നിലെത്തിയപ്പോള്‍ കാവല്‍ക്കാരനോട് ഹിന്ദിയിലും ബംഗാളിലും സംസാരിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും സെക്യൂരിറ്റി ഓടിച്ചു വിട്ടു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ എട്ടാം ലൈനിലേക്ക് നടന്നു.

തീവണ്ടിയുടെ വാതില്‍ തുറന്ന് അകത്ത് കയറിയ പ്രസോന്‍ജിത്ത് കോച്ചിന്റെയും ശൗചാലത്തിന്റെയും ചില്ലുകള്‍ കല്ലുകള്‍ കൊണ്ട് തകര്‍ത്തു. പിന്നാലെ സീറ്റുകള്‍ കുത്തിക്കീറി. ബീഡി വിലിക്കുന്നതിനായി കയ്യില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് സീറ്റിനുള്ളിലെ സ്‌പോഞ്ചിന് തീപിടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കത്തിയില്ല. മൂന്നാമത്തെ ശ്രമത്തിലാണ് തീപിടിക്കുന്നത്. അരമണിക്കൂര്‍ ഇതിനായി ചിലവഴിച്ചുവെന്ന് പ്രതി നല്‍കിയ മൊഴിയില്‍ പറയുന്നു. തീപിടിച്ചപ്പോള്‍ കോച്ചിനുള്ളിലൂടെ തന്നെ നടന്നായിരുന്നു പുറത്തിറങ്ങിയത്. പ്രദേശത്തെ വഴികളെക്കുറിച്ച് ഒരു ധാരണയും പ്രതിക്കുണ്ടായിരുന്നില്ല.

താവക്കര ബീവറേജ് ഗോഡൗണിന്റെ മതിലിന് സമീപത്ത് വരെ എത്തിയെങ്കിലും ഇയാള്‍ക്ക് പുറത്ത് കടക്കാനായില്ല. തുടര്‍ന്ന് കാട് പിടിച്ചുകിടന്ന പ്രദേശത്ത് കൂടി നടന്ന് അണ്ടര്‍ ബ്രിഡ്ജ് വഴി റോഡിലേക്ക് ഇറങ്ങി. ജില്ലാ ആശുപത്രി വഴി ആയിക്കര ഭാഗത്തേക്ക് പോകുകയും ഭക്ഷണമെന്തെങ്കിലും ലഭിക്കുമോയെന്ന് മത്സ്യതൊഴിലാളികളോട് അന്വേഷിക്കുകയും ചെയ്തു. ഭക്ഷണം ലഭിക്കാഞ്ഞതിനാല്‍ ക്ഷീണിതനായി ഹാര്‍ബറില്‍ കിടന്നുറങ്ങി. ഒമ്പതരയോടെ വീണ്ടും നടന്ന് കണ്ണൂര്‍ റെയില്‍വേസ്റ്റേഷന്‍ ഭാഗത്തെത്തി. ഇതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button