രാജ്യത്ത് യുപിഐ ഇടപാടുകളിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ 941 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ വർഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ യുപിഐ ഇടപാടുകളിൽ 37 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഒരൊറ്റ മാസം കൊണ്ട് 14.30 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നിരിക്കുന്നത്. ഇടപാടുകളുടെ മൂല്യത്തിൽ മുൻ വർഷത്തേക്കാൾ 57 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഈ വർഷം ഏറ്റവും കൂടുതൽ യുപിഐ ഇടപാടുകൾ നടന്ന മാസവും മെയ് തന്നെയാണ്. ജനുവരിയിൽ 8 ബില്യൺ, ഫെബ്രുവരിയിൽ 7.5 ബില്യൺ, മാർച്ചിൽ 8.7 ബില്യൺ, ഏപ്രിലിൽ 8.89 ബില്യൺ, മെയിൽ 9.41 ബില്യൺ എന്നിങ്ങനെയാണ് യുപിഐ ഇടപാടുകളുടെ കണക്കുകൾ. 2023-ലെ ഇതുവരെ ഉള്ള കണക്കുകൾ പ്രകാരം, രാജ്യത്ത് 83 ബില്യൺ യുപിഎ ഇടപാടുകളാണ് നടന്നിട്ടുള്ളത്. നിലവിൽ, രാജ്യത്തെ ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയായി യുപിഐ മാറിയിട്ടുണ്ട്. ചെറിയ പെട്ടിക്കടകൾ മുതൽ വലിയ ഷോപ്പിംഗ് മാളുകളിൽ വരെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്. 2027 ആകുമ്പോഴേക്കും രാജ്യത്തെ പണമിടപാടുകളുടെ ഭൂരിഭാഗവും യുപിഐ മുഖാന്തരം നടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Post Your Comments