ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 200ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 900ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. വൈകുന്നേരം 7.20 നായിരുന്നു അപകടം നടന്നത്. പാളം തെറ്റിയ കോറോമന്‍ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റി ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിന്‍ ആണ് അപകടത്തില്‍ പെട്ടത്.
തങ്ങള്‍ സഞ്ചരിച്ച ബോഗി മറിയാത്തതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ട്രെയിനിൽ ഉണ്ടായിരുന്ന മലയാളി ഷംസുദ്ദീന്‍ ഞെട്ടലോടെ ഓർത്തെടുക്കുന്നു. എ.സി, സ്ലീപ്പര്‍ ബോഗികളാണ് അധികവും അപകടത്തില്‍പ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ഷംസുദ്ദീന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. ബാലസോറില്‍ എത്തിയപ്പോള്‍ ആണ് ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. ‘ബോഗിയില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ മൂന്നു നാല് മൃതദേഹങ്ങള്‍ കണ്ടു. റെയില്‍ പാളങ്ങള്‍ പൊളിഞ്ഞ അവസ്ഥയിലായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോറമണ്ഡലും ഗുഡ്‌സും കൂട്ടിയിടിച്ച് അരമണിക്കൂര്‍ ശേഷമാണ് ഹൗറ സൂപ്പര്‍ഫാസ്റ്റ് അവിടേയ്ക്ക് വരുന്നതും അപകടത്തില്‍പെടുന്നതും. ട്രാക്ക് ക്ലിയര്‍ ചെയ്തിരുന്നില്ല. ഹൗറ സൂപ്പര്‍ഫാസ്റ്റ് വഴിയില്‍ പിടിച്ചിട്ടിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി കുറയുമായിരുന്നു’, ഷംസുദ്ദിന്‍ പറഞ്ഞു.
പരുക്കേറ്റ 132 പേരെ ബാലസോറിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എഫ്എം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 47 പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഒഡീഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി. റെയില്‍ പാളം തകര്‍ന്നതിനാല്‍ ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ട്രെയിന്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിനായി ഒഡിഷ മുഖ്യമന്ത്രിയുടെ ഓഫീസ് മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഹേമന്ത് ശര്‍മ്മ, ബല്‍വന്ത് സിംഗ്, ഡിജി ഫയര്‍ സര്‍വീസസ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Post Your Comments