ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ 233 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 900ത്തിലേറെ പേർക്ക് പരിക്കേറ്റതായും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു.പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് ട്രെയിനുകളായിരുന്നു ഇന്നലെ രാത്രി അപകടത്തിൽ പെട്ടത്. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമണ്ഡൽ എക്സ്പ്രസ് (12841) ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് ആദ്യം അപകടം ഉണ്ടായത്. തുടർന്ന് കോറണ്ഡൽ എക്സ്പ്രസിന്‍റെ 12 ബോഗികൾ പാളം തെറ്റി.
ഈ അപകടത്തെ കുറിച്ച് യാതൊന്നും അറിയാതെ മറ്റൊരു ട്രാക്കിലൂടെ വന്ന യശ്വന്ത്പൂർ-ഹൌറ ട്രെയിൻ കോറണ്ഡൽ എക്സ്പ്രസിന്‍റെ പാലം തെറ്റിയ ബോഗികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ- ഹൌറ എക്സ്പ്രസിന്‍റെ നാല് ബോഗികളും പാളംതെറ്റി. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.
കൊല്‍ക്കത്തയ്ക്ക് സമീപം ഷാലിമാറില്‍ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെയാണ് കോര്‍മണ്ഡല്‍ എക്സ്പ്രസ് ചെന്നൈ ലക്ഷ്യമാക്കി പുറപ്പെട്ടത്. രണ്ട് സ്റ്റേഷനുകള്‍ കഴിഞ്ഞ് ബാലസോറിലെത്തിയ ട്രെയിനിന്റെ പിന്നീടുള്ള കുതിപ്പ് ദുരന്തത്തിലേക്കായിരുന്നു. വേഗത്തില്‍ കുതിച്ച ട്രെയിന്‍ ബഹനാഗ സ്റ്റേഷന് സമീപമാണ് പാളം തെറ്റിയത്. മണിക്കൂറുകൾ കഴിയും തോറും ജീവന്‍ നഷ്ടപ്പെട്ടവരുടെ വിറങ്ങലിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. റിസര്‍വ് ചെയ്ത യാത്രക്കാരും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരുമടക്കം വന്‍സംഘമാണ് ട്രെയിനിലുണ്ടായിരുന്നത്. കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കുന്നതും മറ്റും രാത്രി വൈകിയും തുടർന്നു. 233 മൃതദേഹങ്ങൾ കണ്ടെടുത്തെന്നാണ് ഒഡീഷ ചീഫ് സെക്രട്ടറി ഇന്ന് പുലർച്ചയോടെ സ്ഥിരീകരിച്ചത്. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണെന്നും പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും ഒഡീഷ അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ സുധാംശു സാരംഗി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.
Post Your Comments