കാസർഗോഡ്: കെട്ടുംകല്ലിൽ വൻ സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോലിച്ചിയടുക്കം സ്വദേശി മുസ്തഫ പിടിയിലായി. മുസ്തഫയുടെ വീട്ടിൽ നിന്നാണ് 2750 ഡിറ്റെനേറ്ററുകളും, 13 പെട്ടികളിലായി സൂക്ഷിച്ച ജലാറ്റിൻ സ്റ്റിക്കുകളും പിടികൂടിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
Read Also : ബാലരാമപുരം മതപഠനശാലയിലെ ആത്മഹത്യ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വഴിത്തിരിവായി, ആൺസുഹൃത്തിനെതിരെ പോക്സോ കേസ്
മുസ്തഫയ്ക്ക് ലഹരി ഇടപാട് സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഇയാളുടെ വീട്ടിൽ എക്സൈസ് പ്രത്യേക സംഘത്തിന്റെ പരിശോധന. എന്നാൽ, പരിശോധനയിൽ കണ്ടെത്തിയതാവട്ടെ സ്ഫോടക വസ്തുകളുടെ വൻ ശേഖരവും. വീടിന് പുറമെ ഇയാൾ സഞ്ചരിച്ചിരുന്ന കാറിലും സ്ഫോടക വസ്തുകൾ സൂക്ഷിച്ചിരുന്നു.
കസ്റ്റഡിയിൽ എടുക്കുന്നതിനിടെ മുസ്തഫ കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചത് അൽപ്പസമയം പരിഭ്രാന്തിയുണ്ടാക്കി. പ്രതിയെയും പിടികൂടിയ സ്ഫോടക വസ്തുകളും എക്സൈസ് സംഘം പൊലീസിന് കൈമാറി. കേസിൽ ആദൂർ പൊലീസാണ് തുടരന്വേഷണം നടത്തുന്നത്. പ്രതിയുടെ മുൻകാല പശ്ചാത്തലം ഉൾപ്പടെ വിശദമായി പൊലീസ് അന്വേഷിക്കും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments