കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും. കാസർകോട് അഡീഷണൽ ജില്ലാ കോടതി – 1 ൽ ആണ് കുറ്റപത്രം സമർപ്പിക്കുക. കുടക് സ്വദേശിയായ പി എ സലീം എന്ന സൽമാൻ (36) ആണ് കേസിലെ ഒന്നാം പ്രതി. ഇയാൾക്കെതിരെ പീഡിപ്പിക്കാൻ തട്ടിക്കൊണ്ട് പോകൽ, പോക്സോ, വീട്ടിൽ അതിക്രമിച്ച് കയറുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
മോഷ്ടിച്ച കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരി സുവൈബയാണ് (20) രണ്ടാം പ്രതി. 35 ദിവസം കൊണ്ടാണ് കുറ്റപത്രം തയ്യാറാക്കിയത്. 300 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിക്കുക. 67 സാക്ഷികളും 42 ശാസ്ത്രീയ തെളിവുകളുമാണുള്ളത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്തു വയസുകാരിയെ ആണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി സലീം മൊഴി നൽകിയത്.
കുട്ടിയുടെ മുത്തച്ഛന്‍ പുലർച്ചെ മുന്‍വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ ഇറങ്ങുന്നത് കണ്ട് വീടിന് സമീപം ഒളിച്ചിരുന്നെന്നും പിന്നീട് വീടിനകത്തേക്ക് കയറുകയായിരുന്നുവെന്നുമാണ് സലീമിന്‍റെ മൊഴി. കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും സലീം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
കുട്ടിയെ ഉപദ്രവിച്ച ശേഷം തലശേരിയിലേക്കാണ് പ്രതി പോയത്. അവിടെ നിന്ന് വിവിധ സംസ്ഥാനങ്ങളിലെത്തി. ആന്ധ്രപ്രദേശില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തേയും പോക്സോ കേസില്‍ പ്രതിയാണ് ഇയാള്‍. കര്‍ണാടകയില്‍ പിടിച്ചുപറി കേസുകളും പ്രതിക്കെതിരെയുണ്ട്.
പെണ്‍കുട്ടി താമസിക്കുന്ന പ്രദേശത്തെ രണ്ട് വീടുകളില്‍ ഇയാള്‍ നേരത്തെ മോഷണശ്രമം നടത്തിയിരുന്നു. ആദ്യത്തെ വീട്ടില്‍ നിന്ന് സ്വർണ മാലയാണെന്ന് കരുതി മോഷ്ടിച്ചത് മുക്കുപണ്ടമായിരുന്നു. രണ്ടാമത്തെ വീട്ടില്‍ മോഷ്ടിക്കാൻ കയറിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ കൂടി സലീമിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments