KeralaLatest NewsNews

ബാലരാമപുരം മതപഠനശാലയിലെ ആത്മഹത്യ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വഴിത്തിരിവായി, ആൺസുഹൃത്തിനെതിരെ പോക്സോ കേസ്

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെതിരെ പോക്സോ കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് കേസിൽ നിർണായക വഴിത്തിരിവായത്. പെൺകുട്ടി പീഡനത്തിരയായാതായി പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആൺസുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. മതപഠനശാലയിൽ എത്തുന്നതിന് മുമ്പ് തന്നെ പെൺകുട്ടി പീഡനത്തിനിരയായതായാണ് പോലീസ് പറയുന്നത്.

ഈ മാസം 13 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാലരാമപുരത്തെ സ്വകാര്യ മതപഠനശാലയിൽ പഠിച്ചിരുന്ന ബീമാപള്ളി സ്വദേശിയായ പെൺകുട്ടിയാണ് ഇവിടെ വെച്ച് ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടന്ന് ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് പൊലിസിന് ലഭിക്കുന്നത്.

പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിനും ആറുമാസം മുമ്പെങ്കിലും പീ‍ഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തി ചേർന്നത്. കേസ് പൂന്തുറ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പൊലിസ് പറയുന്നത്. പെൺകുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button