
വൈക്കം: സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. വൈക്കം പുളിഞ്ചുവട് പരുത്തിമുടിയിൽ താമസിക്കുന്ന തോട്ടകം സ്വദേശി മധു(48 )വിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം വൈക്കം പടിഞ്ഞാറെ നടയിൽ ആണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം വീട്ടിലേക്കു പോകാനായി ലിങ്കു റോഡുവഴി മധു വരുമ്പോൾ ദളവാക്കുളം ബസ് ടെർമിനലിലേക്ക് വന്ന സ്വകാര്യ ബസ് മരിയറാണിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനു മുന്നിൽ കുടുങ്ങിയ ഓട്ടോറിക്ഷയെ പത്ത് മീറ്ററോളം ബസ് നിരക്കി കൊണ്ടുപോയതിനെത്തുടർന്ന് പാടത്തേക്ക് മറിയുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മധുവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മധുവിനെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈക്കം വലിയ കവല ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളിയാണ് മധു.
Post Your Comments