മലപ്പുറം: പതിനാറുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 1.1 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈ(29) നെയാണ് കോടതി ശിക്ഷിച്ചത്.
കൊല്ലപ്പെട്ട സമീന ഖാത്തൂന്‍(16)യുടെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി. 2018 സെപ്റ്റംബര്‍ 28ന് തിരൂർ തൃക്കണ്ടിയൂർ വിഷുപ്പാടത്ത് പെൺകുട്ടി കുടുംബ സമേതം വാടകക്ക് താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട പെൺക്കുട്ടിയുടെ വീട്ടിൽ തന്നെയാണ് പ്രതി താമസിച്ച് ജോലി ചെയ്തിരുന്നത്. കൂലിയിനത്തിൽ കുടിശികയായ 12,000 രൂപ പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതും പെൺകുട്ടിയുടെ മാതാവിനോട് പ്രതി ആവശ്യപ്പെട്ട 500 രൂപയും ലഭിക്കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രാവിലെ ആറ് മണിക്ക് ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ പ്രതി പിന്നീട് തിരിച്ചെത്തുകയും കിട്ടാനുള്ള പണം സംബന്ധിച്ച് പെൺകുട്ടിയുമായി വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. വാക്കുതർക്കം മൂത്തതോടെ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ കുത്തി. നാട്ടുകാര്‍ പെണ്‍കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ നെഞ്ചിലും വയറ്റിലും കാലിലുമായി എട്ട് കുത്തുകൾ ഏറ്റിരുന്നു.
കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവ്, 50000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ 2 വർഷത്തെ അധിക തടവ്, തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് പത്ത് വർഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ 1 വർഷം തടവ്, ആയുധം കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ചതിന് 2 വർഷം കഠിന തടവ് 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ 6 മാസം തടവ്, തടഞ്ഞു വെച്ചതിന് ഒരു മാസം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും.
Post Your Comments