മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത കേസിൽ 19-കാരനായ വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുനെ സ്വദേശിയായ രോഹിത് ദത്താത്രേയ കാംബ്ലെ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് രോഹിത്തിനെ പിടികൂടിയത്. രോഹിത്തിന്റെ വീട്ടിൽ നിന്നും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു റൂട്ടർ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും ഗ്രൂപ്പ് ബി, സി നോൺ ഗസറ്റഡ് പേഴ്സണൽ പരീക്ഷയുടെ ഹാൾ ടിക്കറ്റുകളാണ് ചോർത്തിയത്. കഴിഞ്ഞ ഏപ്രിലിൽ പരീക്ഷാർത്ഥികൾക്കുള്ള ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള അവസരം വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഹാക്ക് ചെയ്ത ശേഷമാണ് വിവരങ്ങൾ ചോർത്തിയെടുത്തത്. ഇത്തരത്തിൽ 94,195 പേരുടെ ഹാൾടിക്കറ്റ് വിവരങ്ങളാണ് കൈക്കലാക്കിയത്.
പരീക്ഷാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ ഹാൾടിക്കറ്റുകൾ ‘എം.പി.എസ്.സി 2023’ എന്ന പേരിലുള്ള ഒരു ടെലഗ്രാം ചാനലിലൂടെ നിയമവിരുദ്ധമായി പുറത്തുവിട്ടത് കണ്ടെത്തിയിട്ടുണ്ട്. എം.പി.എസ്.സി വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഉദ്യോഗാർത്ഥികളുടെ ഹാൾടിക്കറ്റ്, ചോദ്യപേപ്പർ എന്നിവർ ചോർത്തുന്നതിന് ഇയാൾക്ക് 400 ഡോളറിന്റെ കരാർ ലഭിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഹാൾടിക്കറ്റുകൾ മാത്രം ഹാക്ക് ചെയ്യാനാണ് പ്രതിക്ക് കഴിഞ്ഞത്. സൈബർ ആൻഡ് ഇന്റലിജൻസിൽ ബിരുദ വിദ്യാർത്ഥിയാണ് അറസ്റ്റിലായ രോഹിത്.
Post Your Comments