തിരുവനന്തപുരം: നഗരം കേന്ദ്രീകരിച്ച് ലക്ഷക്കണക്കിനു രൂപയുടെ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. വിളപ്പിൽ ശാലയിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പാനൂർ രാജാജിനഗർ സ്വദേശി അനിൽകുമാറിനെ(കള്ളൻകുമാർ) ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. വലിയശാലയിലും പട്ടത്തും വീടുകൾ കുത്തിത്തുറന്ന് 21.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും മൂന്നു ലക്ഷത്തോളം രൂപയും അപഹരിക്കുകയായിരുന്നു. പട്ടത്ത് ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച ദമ്പതികളുടെ വീട്ടിൽ നിന്ന് 45.5 പവൻ സ്വർണവും 1.80 ലക്ഷം രൂപയും മോഷ്ടിച്ച പ്രതി വലിയശാലയിൽ ബീന എന്ന വീട്ടമ്മയുടെ അരലക്ഷം രൂപയും മോഷ്ടിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. മോഷണശേഷം ഇയാൾ വിളപ്പിൽശാലയിലെ വീട്ടിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നും മോഷണം പോയ സ്വർണവും പണവും കണ്ടെടുത്തിട്ടുണ്ട്. 20 ഓളെ മോഷണകേസുകളിൽ പ്രതിയാണിയാൾ. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments