മണിമല: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേർ അറസ്റ്റിൽ. വെള്ളാവൂർ വടകര അമ്പിളിഭവൻ ഉണ്ണിക്കുട്ടനെന്നു വിളിക്കുന്ന അനൂപ് ആർ. നായർ (34), വെള്ളാവൂർ മൂങ്ങാനി കൊച്ചുപറമ്പിൽ കെ.എം. ബിജു (49), വെള്ളാവൂർ പായിക്കുഴി പായിക്കുഴിയിൽ പി.ടി. സതീഷ് കുമാർ (40), ഇയാളുടെ സഹോദരൻ പി.ടി. സന്ദീപ് (33), മണിമല കരിക്കാട്ടൂർ വാറുകുന്ന് മുത്തേടത്ത് സന്ദീപ് എം. തോമസ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണിമല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: ക്വാട്ട 10 ശതമാനം കൂടി ഉയർത്തിയേക്കും, അന്തിമ തീരുമാനം ഈ മാസം
ഇന്നലെ ഉച്ചയോടുകൂടിയാണ് സംഭവം. ഇവർ സംഘം ചേർന്ന് മണിമല മൂങ്ങാനി ഭാഗത്തുള്ള ഫെഡറൽ ബാങ്കിനു സമീപം നാല്പത്തിമൂന്നുകാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ ഇയാളെ അസഭ്യം പറയുകയും സംഘം ചേർന്ന് മർദ്ദിക്കുകയും തുടർന്ന് കമ്പിവടി കൊണ്ട് അടിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾക്കു നേരേ ഇവർ കൈയിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ അടിക്കുകയും ചെയ്തു. ഇയാളും പ്രതികളും തമ്മിൽ കഴിഞ്ഞദിവസം വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ഇയാളെ ആക്രമിച്ചത്. അനൂപ് ആർ. നായർ, പി.ടി. സതീഷ് കുമാർ, പി.ടി. സന്ദീപ്, സന്ദീപ് എം. തോമസ് എന്നിവര്‍ മണിമല സ്റ്റേഷനിലെ ആന്റീ സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.
മണിമല സ്റ്റേഷൻ എസ്എച്ച്ഒ ബി. ഷാജിമോൻ, എസ്ഐമാരായ അനിൽകുമാർ, സന്തോഷ് കുമാർ, പി.പി. സുനിൽ, സിപിഒമാരായ ജിമ്മി, സാജുദ്ദീൻ, ശ്രീജിത്ത്, അനിൽ, ശ്രീകുമാർ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments