ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണ് കാന്‍സര്‍ എന്ന അര്‍ബുദം. അതിനാല്‍ തന്നെ ക്യാന്‍സറിന്റെ ഭീകരതയെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ല. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാം എന്നാണിപ്പോള്‍ ആധുനിക വൈദ്യശാസ്ത്രം അവകാശപ്പെടുന്നത്.
ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ ക്യാന്‍സറുകളില്‍ ഏറ്റവും മാരകമായ ഒന്നാണ്. അമേരിക്കന്‍ ജേണല്‍ ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ബ്ലഡ് ക്യാന്‍സറിന്റെ ഏറ്റവും പ്രാരംഭമായ ലക്ഷണങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
വിളര്‍ച്ച, ക്ഷീണം എന്നിവ ബ്ലഡ് ക്യാന്‍സറിന്റെ പ്രാരംഭഘട്ടമാണ്. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുന്നതാണ് ഇതിന് കാരണം. അതിനാല്‍ തന്നെ രോഗിക്ക് എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടും. ചിലരില്‍ ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യും.
ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും അനുഭവപ്പെടുകയും കാല്‍പ്പാദത്തിലെ നീര്‍ക്കെട്ടുണ്ടാകുകയും ചെയ്യുന്നത് ലുക്കീമിയയുടെ ലക്ഷണമാകാം. കാലിലെ നീര്‍ക്കെട്ടിലൂടെ രക്തസ്രാവവും ഉണ്ടാകാനും ഇടയുണ്ട്. എന്നാല്‍ ചിലര്‍ ഇത് ഹൃദ്രോഗലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്.
വായ്, മുക്ക് എന്നിവയില്‍നിന്നും മൂത്രം, മലം എന്നിവയില്‍ക്കൂടിയും രക്തം വരുന്നത് ലുക്കീമിയയുടെ പ്രാരംഭ ലക്ഷണമായിരിക്കാം.
ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും, ചര്‍മ്മത്തില്‍ ചുവന്നപാടുകള്‍ പ്രത്യക്ഷപ്പെടുന്നതിനും ഇടയാക്കും.
ലുക്കീമിയയുടെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണ് പനി. പെട്ടെന്ന് ശരീരത്തിലെ ഊഷ്മാവ് ഇടവിട്ട് കൂടുകയും കുറയുകയും ചെയ്യുന്നത് ഏതെങ്കിലും തരത്തിലുള്ള അണുബാധയുടെ ലക്ഷണമാണ്. ഇതേതരത്തിലാണ് രക്താര്‍ബുദ ലക്ഷണമായ പനിയും കണ്ടുവരുന്നത്. ശരീരത്തില്‍ അണുബാധയുണ്ടാകുന്നതിന് സമാനലക്ഷണങ്ങളെല്ലാം ലുക്കീമിയ പിടിപെടുമ്പോഴും കണ്ടുവരാറുണ്ട്. അതിനാല്‍ തന്നെ ഇടവിട്ട് ഉണ്ടാകുന്ന പനിയും ശ്രദ്ധിക്കണം.
നല്ല തണുത്ത കാലാവസ്ഥയിലും ഉറക്കത്തില്‍ നന്നായി വിയര്‍ക്കുന്നത് ലുക്കീമിയയുടെ ലക്ഷണമാകാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഇതുവരെ വിശദീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ലുക്കീമിയ ബാധിച്ചവരില്‍ പെട്ടെന്ന് ശരീരഭാരം കുറയാനും സാധ്യതയേറെയാണ്.
ഇടയ്ക്കിടെ ശരീരത്തില്‍ അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അത് ചിലപ്പോള്‍ രക്താര്‍ബുദത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ വെളുത്തരക്താണുക്കളുടെ അളവ് കുറയുന്നതുകൊണ്ടാണ് ഇങ്ങനെ അടിക്കടി അണുബാധ ഉണ്ടാകുന്നത്.
Post Your Comments