കോട്ടയം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കോട്ടയം മണർകാട് പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഇന്നലെ രാവിലെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് ഷിനോ മാത്യു വിഷം കഴിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമാണ്.
യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഭർത്താവ് ഷിനോ മാത്യുവിനെ അന്വേഷിക്കുന്നതിനിടയിലാണ് ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്ക് ഭർത്താവിൽ നിന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്ന് ബന്ധുക്കളും പോലീസിനെ അറിയിച്ചിരുന്നു. പങ്കാളി കൈമാറ്റ കേസിലെ ഏക പരാതിക്കാരിയായിരുന്നു യുവതി. യുവതിയുടെ പരാതിയിൽ ഷിനോ അടക്കം ഏഴ് പേർ അറസ്റ്റിലായിരുന്നു. ശേഷം ജാമ്യത്തിലിറങ്ങിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.
രക്തത്തിൽ കുളിച്ച് വീട്ടുമുറ്റത്ത് കമിഴ്‌ന്നുകിടക്കുന്ന നിലയിൽ ആയിരുന്നു യുവതിയെ കണ്ടെത്തിയത്. മക്കളാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ ആദ്യം കണ്ടത്. ഇവർ യുവതിയുടെ അച്ഛനെ വിവരമറിയിക്കുകയായിരുന്നു. മണർകാട് സ്വദേശിനിയായ 26കാരിയെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിൽ പ്രതിയായ യുവതിയുടെ ഭർത്താവ് ഷിനോ മാത്യുവാണ് ആക്രമണത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു.
2022 ജനുവരിയിലാണ് കേരളത്തിന് അത്ര കേട്ട് പരിചയം ഇല്ലാത്ത പങ്കാളി കൈമാറ്റ കേസ് നടക്കുന്നത്. കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന (Partner Swapping) സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയായിരുന്നു പരാതി നൽകിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറി ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
Post Your Comments