ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒൻപതു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്. 970 കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. ജൂലൈയിൽ ആരംഭിക്കാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം പുതിയ കെട്ടിടത്തിൽ നടത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ അധ്യക്ഷതയിൽ ഈ വർഷം അവസാനം നടക്കുന്ന ജി 20 രാജ്യങ്ങളിലെ സ്പീക്കർമാരുടെ യോഗം പുതിയ കെട്ടിടത്തിൽ നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ഹിന്ദുത്വ നേതാവ് വിഡി സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികദിനമായ മെയ് 28ന് നടത്തുന്നതിനെതിരെ വിമര്‍ശനം ഉയരുന്നു. മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മന്ദിരം ഉദ്ഘാടനം ചെയ്യുക.
എന്നാല്‍ രാജ്യത്തിന്റെ സ്ഥാപക നേതാക്കളെ അപമാനിക്കുന്ന പ്രവൃത്തിയാണിതെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. പ്രധാനമന്ത്രി എന്തിനാണ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് എന്നും ചിലര്‍ ചോദിച്ചു.
‘നമ്മുടെ രാജ്യത്തിന്റെ സ്ഥാപക നേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണിത്. ഗാന്ധിജി, നെഹ്‌റു, പട്ടേല്‍, സുഭാഷ് ചന്ദ്രബോസ് എന്നിവരെയെല്ലാം നിരാകരിക്കുന്നതിന് സമാനമാണ് ഈ പ്രവൃത്തി. മാത്രമല്ല ഇത് അംബേദ്കറെയും അപമാനിക്കുന്നു’ എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്.
Post Your Comments