സംസ്ഥാനത്ത് ഡിസ്റ്റിലറികൾക്ക് ബെവ്കോ വെയർഹൗസുകളിൽ മദ്യമെത്തിക്കാനുള്ള പെർമിറ്റ് ഇനി മുതൽ ഓൺലൈനായി ലഭ്യമാകും. ഡിസ്റ്റിലറികൾ പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്തതിനുശേഷം പെർമിറ്റിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഡിജിറ്റൽ സിഗ്നേച്ചർ വഴിയും അനുമതി നൽകും. നിലവിൽ, പരീക്ഷണാടിസ്ഥാനത്തിൽ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിന് 60 പെർമിറ്റുകൾ നൽകിയിട്ടുണ്ട്.
പെർമിറ്റുകൾ ഓൺലൈനാകുന്നതോടെ, വെയർഹൗസുകളിൽ ലോഡ് എത്തിക്കുന്നതിലെ കാലതാമസം ഒഴിവാകുന്നതാണ്. കൂടാതെ, ജനപ്രിയ ബ്രാൻഡുകളുടെ ക്ഷാമവും ഇതിലൂടെ തീരും. വിവിധ ബ്രാൻഡുകളിലെ ശരാശരി 70,000 കെയ്സ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ബെവ്കോ മുഖാന്തരം വിൽക്കുന്നത്. 26 വെയർഹൗസുകളിൽ നിന്നാണ് ചില്ലറ വിൽപ്പനശാലകൾക്കും ബാറുകൾക്കും മദ്യം നൽകുന്നത്.
നിലവിലെ രീതിയനുസരിച്ച് ഇതുവരെ പെർമിറ്റുകൾ ഓഫ്‌ലൈൻ ആയാണ് നൽകിയിരുന്നത്. ഓരോ കമ്പനിയുടെയും പ്രതിനിധി ബെവ്കോ ആസ്ഥാനത്തെത്തി അപേക്ഷ നൽകേണ്ടതുണ്ട്. ബെവ്കോ ഇത് അനുവദിച്ചാൽ ആസ്ഥാനത്തുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനുമതി നൽകും. 720 കെയ്സാണ് ഒരു പെർമിറ്റ്. ഡിസ്റ്റിലറികളിലെ എക്സൈസ് ഇൻസ്പെക്ടറുടെ പരിശോധനയോടെയാണ് മദ്യം വെയർഹൗസുകളിലേക്ക് കൊണ്ടുപോകുന്നത്.
Post Your Comments