KeralaLatest News

കൂടുന്നത് 10 മുതല്‍ 50 രൂപവരെ: പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ പുതിയ വില. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്‌കൊ പുറത്തിറക്കി. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, ആയിരത്തിനു മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകള്‍ക്കാണ് വില കുറയുക.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. ബെവ്‌കോ നിയന്ത്രണത്തില്‍ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന ജവാന്‍ റം വില 640 രൂപയില്‍ നിന്ന് 650 ആയി ഉയര്‍ത്തി. ബിയറുകള്‍ക്ക് 20 രൂപവരെ വിലകൂടി. പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപവരെ കൂടിയിട്ടുണ്ട്.15 മാസത്തിനുശേഷമാണ് മദ്യത്തിന്റെ വില വര്‍ധന. 2022 നവംബറില്‍ മദ്യത്തിന്റെ വില്‍പ്പന നികുതി ശതമാനം വര്‍ധിപ്പിച്ചിരുന്നു.

2023-24 ബഡ്ജറ്റില്‍ സെസും ഏര്‍പ്പെടുത്തിയിരുന്നു. ബെവ്‌കോയും മദ്യകമ്പനികളും തമ്മിലുള്ള റേറ്റ് കോണ്‍ട്രാക്ട് അനുസരിച്ചാണ് മദ്യവില നിശ്ചയിക്കുന്നത്. ഓരോ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ വിലകൂട്ടി നല്‍കും. മദ്യത്തിന്റെ ഉത്പാദനത്തിന് ചെലവ് കൂടിയെന്ന മദ്യക്കമ്പനികളുടെ ആവശ്യം ന്യായമാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ബെവ്‌കോ മദ്യവില കൂട്ടിയത്.

എഥനോള്‍ വില കൂടിയതാണ് മദ്യവില കൂടാന്‍ കാരണമായി പറയുന്നത്. ഇതേ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാണ് പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കിയത്. പാലക്കാട് ബ്രൂവറി തുടങ്ങി എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനായാല്‍ സംസ്ഥാനത്ത് മദ്യവിലയിലും ഇത് പ്രതിഫലിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button