തിരുവനന്തപുരം: ജനങ്ങൾക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചാണ് പിണറായി സർക്കാർ എട്ടാം വർഷത്തിലേക്ക് കടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഒരാഴ്ച കാലം ബിജെപി പ്രതിഷേധവാരമായി ആചരിക്കും. ഭരണ തകർച്ചയും അരാജകത്വവും മാത്രമാണ് ഇടത് സർക്കാരിന്റെ കൈമുതൽ. 4,000 കോടിയോളം രൂപയുടെ അധിക നികുതിയാണ് എട്ടാം വർഷത്തിൽ ചുമത്തിയത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതോടെ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വിലകൂടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: അക്കൗണ്ട് ലോക്കായെന്ന് വ്യാജ സന്ദേശം, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ
തൊട്ടടുത്ത സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തിനെ അപേക്ഷിച്ച് 12-15 രൂപയാണ് ഒരു ലിറ്റർ പെട്രോളിനും ഡീസലിനും കുറവ് വരുന്നത്. കെട്ടിട നിർമാണ മേഖലയിലാവട്ടെ റോക്കറ്റ് നികുതി വർധനവാണ് പിണറായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. അരിക്കും പച്ചക്കറിക്കും ഉൾപ്പെടെ പൊള്ളുന്ന വിലയാണ് ഇന്ന് കേരളത്തിലുള്ളത്. വെള്ളക്കര വർധനവ് നാട്ടുകാരുടെ നട്ടെല്ലൊടിച്ചു നിൽക്കുമ്പോഴാണ് അടുത്ത മാസം വീണ്ടും വൈദ്യുതി ചാർജ് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തത്. സമാനതകളില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി ഈ സർക്കാർ കേരളത്തെ തകർക്കുകയാണ്. പിണറായി സർക്കാരിന്റെ എല്ലാ വകുപ്പുകളും പൂർണ പരാജയമാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു. പൊലീസുകാർ ലഹരിമാഫിയകൾക്കും ഗുണ്ടകൾക്കും വേണ്ടി വിടുപണി ചെയ്യുകയാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയുടെ കൊലപാതകമെന്നും അദ്ദേഹം അറിയിച്ചു.
സർവ്വത്ര കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്. പണ്ടൊക്കെ ഒരു പദ്ധതിയിൽ നിന്നും കമ്മീഷൻ അടിക്കുകയാണ് ചെയ്തിരുന്നതെങ്കിൽ ഇന്ന് അഴിമതി നടത്താൻ വേണ്ടി മാത്രമാണ് പദ്ധതികൾ പോലും സൃഷ്ടിക്കുന്നത്. എഐ ക്യാമറ അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ്. ഇന്ത്യയിൽ ഏറ്റവും സംഘടിതമായ അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞിരിക്കുന്നു. താനൂർ ബോട്ടപകടം സർക്കാർ സ്‌പോൺസേർഡ് ദുരന്തമാണ്. 22 പേരെ സർക്കാർ കൊലയ്ക്ക് കൊടുത്തതാണ്. മലപ്പുറം കീഴ്‌ശ്ശേരിയിൽ ബീഹാറി ആദിവാസി യുവാവിനെ ആൾക്കൂട്ടം വിചാരണ ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ലോകത്തിന് മുമ്പിൽ കേരളത്തെ നാണംകെടുത്തുന്നതായിപ്പോയി. ഇതിന് മുമ്പും സമാനമായ രീതിയിൽ അട്ടപ്പാടിയിൽ മധുവിനെയും കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് വെച്ച് വയനാട് സ്വദേശിയായ വിശ്വനാഥനെയും ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുകയാണ്. സർക്കാർ ശക്തമായ നടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഐഎസ് ഭീകരവാദികളുടെ ചതിക്കുഴിയെ കുറിച്ച് പറയുന്ന ഹിന്ദി സിനിമ കേരള സ്റ്റോറിക്കെതിരെ കേരളത്തിൽ നടപ്പിലാക്കുന്ന അപ്രഖ്യാപിത വിലക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. സിപിഎമ്മും കോൺഗ്രസും ഐഎസ് ഭീകരവാദികളുടെ മാനസികാവസ്ഥയിലാണ് സിനിമക്കെതിരെ കേരളത്തിൽ ഉറഞ്ഞുതുള്ളുന്നത്. കേരളതീരത്ത് നിന്ന് 25000 കോടിയുടെ മാരക മയക്കുമരുന്ന് പിടികൂടിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് കൊച്ചിയിൽ നടന്നിരിക്കുന്നത്. പാക്കിസ്ഥാന്റെ നേരിട്ടുള്ള ഇടപെടലാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയതയാണ് കേരളത്തെ ലഹരി ഹബ്ബാക്കി മാറ്റുന്നത്. കേരളത്തിൽ ഭരണ-പ്രതിപക്ഷ അവിശുദ്ധ സഖ്യമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുന്ന സിപിഎമ്മല്ല, ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണപക്ഷത്തോടുള്ള പ്രതിപക്ഷത്തിന്റെ മൃദുസമീപനമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന എംവി ഗോവിന്ദന്റെ വാക്കുകൾ 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യത്തിനുള്ള തയ്യാറെടുപ്പാണെന്ന് അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. കേരള ഖജനാവിൽ നിന്നും സ്ത്രീ നവോത്ഥാനത്തിനായി 50 കോടി ചിലവഴിച്ച് വനിതാമതിൽ കെട്ടിയ എൽഡിഎഫ് സർക്കാരിന്റെ എഴുവർഷത്തെ ഭരണത്തിൽ മാത്രം 1,03,354 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. 2022ൽ മാത്രം 18,943 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകൾ വിവിധ തരം അതിക്രമങ്ങൾക്ക് വിധേയമാവുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പിടിയിലാവുന്നവരിൽ ഭൂരിപക്ഷവും ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Read Also: നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പാതയ്ക്ക് പുതുജീവൻ, സർവ്വേ നടപടികൾ ഉടൻ പുനരാരംഭിക്കാൻ സാധ്യത
Post Your Comments