മണ്ണാർക്കാട്: വീട്ടമ്മയെ ആക്രമിച്ച് കാൽ തല്ലിയൊടിച്ച കേസിൽ പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും 5.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് വടക്കഞ്ചേരി പാറകുണ്ട് കാരയങ്കോട് പാർവതിയെ (54) ആക്രമിച്ച കേസിലാണ് പ്രതികളായ പാറകുണ്ടിലെ സമീപവാസികളായ ഹക്കീം (35 ), ജാഫർ (37) എന്നിവരെ മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ശിക്ഷിച്ചത്.
2018 മേയ് 12നാണ് കേസിനാസ്പദമായ സംഭവം. ബൈക്ക് തട്ടിയതുമായ ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പാർവതിക്ക് നേരെ ആക്രമണമുണ്ടായത്. പാർവതിയുടെ മക്കളായ രഞ്ജിത്ത്, സഞ്ജയ് എന്നിവരെ പ്രതികളായ ഹക്കീമും ജാഫറും അക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന ഇവരെ ഇരുമ്പുവടി കൊണ്ട് തല്ലി വലതുകാൽ ഒടിക്കുകയായിരുന്നു.
Read Also : എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: ഫലമറിയാന്‍ ഈ വെബ്സൈറ്റുകള്‍
324 വകുപ്പ് പ്രകാരം പ്രതികൾ ഒരു വർഷം കഠിനതടവും 10,000 രൂപ പിഴയും അടക്കണം. 326 വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും അടക്കണം. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ പാർവതിക്ക് നൽകാനും ജില്ല സ്പെഷൽ ജഡ്ജി കെ.എം. രതീഷ് കുമാർ വിധിച്ചു.
നിലവിൽ മണ്ണാർക്കാട് ഡിവൈ.എസ്.പിയായ വി.എ. കൃഷ്ണദാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ജയൻ ഹാജരായി.
Post Your Comments